കുവൈറ്റ് സിറ്റി: കുവൈറ്റിന് നേരെയുള്ള ഇറാന്റെ പ്രകോപനപരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കലാകാരന്മാർ പുറത്തിറക്കിയ ദേശസ്നേഹ ഗാനങ്ങൾ വിവാദമാകുന്നു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഭൂമിയായ കുവൈറ്റിനായി കഴിഞ്ഞ ആഴ്ചകളിൽ നിരവധി ഗാനങ്ങളാണ് വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ചാനലുകളിലും റിലീസ് ചെയ്തത്. എന്നാൽ, ഇത്തരം ഗാനങ്ങളിൽ പലതും വേണ്ടത്ര ഗുണനിലവാരം പുലർത്തുന്നില്ലെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.വ്യക്തിഗത സംരംഭങ്ങളായും പ്രൊഡക്ഷൻ കമ്പനികളുടെ നേതൃത്വത്തിലും പുറത്തിറങ്ങിയ ഈ സൃഷ്ടികളുടെ പിന്നിലെ നല്ല ഉദ്ദേശ്യത്തെ ആരും ചോദ്യം ചെയ്യുന്നില്ലെങ്കിലും, അവതരണത്തിലെ പോരായ്മകൾ വലിയ ചർച്ചയായിട്ടുണ്ട്.
പ്രത്യേകിച്ച് സഹറ അൽ-ഖർജി, മുഹമ്മദ് അക്ബർ, ജന എന്നിവർ ചേർന്ന് ആലപിച്ച ‘മൈ ഹാർട്ട്ബീറ്റ് ഈസ് കുവൈറ്റി’ എന്ന ഗാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ പരിഹാസമാണ് ഉയരുന്നത്. വരികളിലും സംഗീതത്തിലും പുലർത്തേണ്ട ഗൗരവം ഈ ഗാനത്തിനില്ലെന്നും വെറും ഉപരിപ്ലവമായ ഒന്നായി ഇത് മാറിയെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഗാനത്തിന്റെ അണിയറപ്രവർത്തകർക്കും ഗായകൻ മുഹമ്മദ് അക്ബറിനുമെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഗാനത്തിന് അർത്ഥവത്തായ ഉള്ളടക്കമില്ലെന്ന് മാത്രമല്ല, കലാമൂല്യം തീരെ കുറവാണെന്നും സോഷ്യൽ മീഡിയയിൽ ആക്ഷേപം ഉയർന്നു.
വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും തന്റെ രൂപത്തെ പരിഹസിക്കുന്നതിലേക്കും കടന്നതോടെ മുഹമ്മദ് അക്ബർ പരസ്യമായ പ്രതികരണവുമായി രംഗത്തെത്തി. ദേശസ്നേഹം പ്രകടിപ്പിക്കാനുള്ള കലാകാരന്മാരുടെ ശ്രമങ്ങളെ തരംതാഴ്ത്തുന്നത് ശരിയല്ലെന്ന വാദവും ഇതിനോടൊപ്പം ഉയരുന്നുണ്ട്. നവമാധ്യമങ്ങളിൽ ഈ ഗാനത്തെച്ചൊല്ലിയുള്ള വാക്പോര് ഇപ്പോഴും തുടരുകയാണ്.
