കുവൈറ്റ് സിറ്റി: സ്പോർട്സ് ലീവ് ശമ്പളമായി ലഭിച്ച ലക്ഷക്കണക്കിന് രൂപ അനധികൃതമായി കൈപ്പറ്റിയ കേസിൽ സ്പോർട്സ് ഫെഡറേഷനിലെ ഉന്നത ഉദ്യോഗസ്ഥർക്കും കായികതാരത്തിനുമുൾപ്പെടെ കുവൈറ്റ് ക്രിമിനൽ കോടതി പിഴ ചുമത്തി.
സ്പോർട്സ് ഫെഡറേഷന്റെ നിലവിലെയും മുൻപത്തെയും തലവന്മാർ, ഒരു വനിതാ കായികതാരം, രണ്ട് വനിതാ അഡ്മിനിസ്ട്രേറ്റർമാർ എന്നിവർക്കെതിരെയാണ് നടപടി. ജഡ്ജി നായിഫ് അൽ ദഹൂം അധ്യക്ഷനായ ബെഞ്ച് പ്രതികൾക്ക് 3,000 ദിനാർ വീതമാണ് പിഴ വിധിച്ചത്.ഏകദേശം 30,000 ദിനാറോളം വരുന്ന തുക പൊതുജന ഫണ്ടിൽ നിന്നും നിയമവിരുദ്ധമായി കൈക്കലാക്കിയെന്നാണ് ഇവർക്കെതിരെയുള്ള കണ്ടെത്തൽ. നിശ്ചിത കാലയളവിൽ യാതൊരുവിധ കായിക പ്രവർത്തനങ്ങളിലോ ഔദ്യോഗിക ചുമതലകളിലോ ഏർപ്പെടാതിരുന്നിട്ടും വ്യാജ രേഖകളിലൂടെ സ്പോർട്സ് ലീവ് ശമ്പളം കൈപ്പറ്റിയതായി കോടതി കണ്ടെത്തി.
പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിനിടെ തട്ടിയെടുത്ത തുക പ്രതികൾ തിരികെ അടച്ചിരുന്നു. വിധി പ്രസ്താവിക്കുമ്പോൾ കോടതി ഈ കാര്യം പരിഗണിച്ചിട്ടുണ്ട്. നേരത്തെ പ്രോസിക്യൂഷൻ ഈ കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോടതി അത് റദ്ദാക്കുകയും പ്രതികളെ വിചാരണ ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു. പൊതുമുതൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കോടതി പിഴ ശിക്ഷ വിധിച്ചത്.

