കുവൈറ്റ് സിറ്റി: രാജ്യത്തെ പൊതുസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ലൈസൻസില്ലാത്ത ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും സ്വമേധയാ കൈമാറുന്നതിനായി പ്രത്യേക പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. 2026 മാർച്ച് 23 തിങ്കളാഴ്ച മുതൽ ഏപ്രിൽ 1 ബുധനാഴ്ച ഔദ്യോഗിക പ്രവൃത്തി സമയം അവസാനിക്കുന്നത് വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഈ കാലയളവിനുള്ളിൽ നിയമവിരുദ്ധമായ ആയുധങ്ങൾ കൈമാറുന്നവർക്കെതിരെ യാതൊരുവിധ നിയമനടപടികളും സ്വീകരിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
കൈവശമുള്ള അനധികൃത ആയുധങ്ങൾ രാജ്യത്തെ ഏതെങ്കിലും പോലീസ് സ്റ്റേഷനുകളിൽ നേരിട്ടെത്തി കൈമാറാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി മന്ത്രാലയം നടപ്പിലാക്കുന്ന ഈ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ശിക്ഷാ നടപടികളിൽ നിന്നൊഴിവാകാനുള്ള ഈ അവസാന അവസരം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
