കുവൈറ്റ് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ഫീൽഡ് തലത്തിലുള്ള സജ്ജീകരണങ്ങൾ ശക്തമാക്കുന്നതിനുമായി കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി ശനിയാഴ്ച ഡയറക്ടർ ബോർഡിന്റെ മൂന്നാമത് അടിയന്തര യോഗം ചേർന്നു. നിലവിലുള്ള കർമ്മപദ്ധതികളുടെ ഭാഗമായി അടിയന്തര സേവന വിഭാഗത്തിലുള്ള സന്നദ്ധപ്രവർത്തകരുടെ എണ്ണം 381 ആയി ഉയർത്താൻ യോഗത്തിൽ തീരുമാനമായി. പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന വലിയൊരു സന്നദ്ധ സേനയെയാണ് ഏത് സാഹചര്യത്തെയും നേരിടാൻ സൊസൈറ്റി സജ്ജമാക്കിയിരിക്കുന്നത്.
സൊസൈറ്റി ചെയർമാൻ ഖാലിദ് അൽ മുഖാമിസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. പ്രവര്‍ത്തനക്ഷമത ലോജിസ്റ്റിക് സംവിധാനങ്ങളും കൃത്യമായി വിലയിരുത്തുന്നതിനും അംഗീകരിച്ചിട്ടുള്ള അടിയന്തര പ്ലാനുകളുടെ പുരോഗതി നിരീക്ഷിക്കുന്നതിനുമാണ് യോഗം ചേർന്നതെന്ന് അദ്ദേഹം കുവൈറ്റ് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. മുൻപ് നടന്ന രണ്ട് യോഗങ്ങളിലെ തീരുമാനങ്ങൾ എത്രത്തോളം നടപ്പിലാക്കിയെന്ന് ഡയറക്ടർ ബോർഡ് വിശദമായി പരിശോധിച്ചു.
ഓപ്പറേഷൻസ് ആൻഡ് എമർജൻസി കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടുകളും യോഗം വിലയിരുത്തി. ഫീൽഡ് തലത്തിലുള്ള തയ്യാറെടുപ്പുകൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ ഘട്ടങ്ങളിൽ സേവനങ്ങൾ കൂടുതൽ വേഗതയിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനായി കർമ്മപദ്ധതികൾ പരിഷ്കരിക്കുന്നതിനും കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ സേവന പ്രവർത്തനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാൻ റെഡ് ക്രസന്റ് പൂർണ്ണ സജ്ജമാണെന്ന് ചെയർമാൻ അറിയിച്ചു.

