കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ കണ്ടെത്തിയ 3 ശത്രു ഡ്രോണുകൾ പ്രത്യേക സേന വ്യോമ പ്രതിരോധ വിഭാഗത്തിന്റെ പിന്തുണയോടെ വെടിവെച്ച് തകർത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവും സുരക്ഷാ ബന്ധങ്ങളും മീഡിയ വിഭാഗത്തിന്റെ ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ജനറൽ നാസർ ബൂസലൈബ് മാധ്യമ ബ്രിഫിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിരോധ ഇടപെടലുകൾക്ക് പിന്നാലെ വിവിധ സ്ഥലങ്ങളിൽ വീണ ശകലങ്ങളുമായി ബന്ധപ്പെട്ട 9 റിപ്പോർട്ടുകൾ സ്‌ഫോടകവസ്തു നിർവീര്യമാക്കുന്ന സംഘങ്ങൾ കൈകാര്യം ചെയ്തതായും അദ്ദേഹം പറഞ്ഞു. ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ 588 റിപ്പോർട്ടുകൾക്ക് നടപടിയെടുത്തതായി അദ്ദേഹം അറിയിച്ചു.ലൈസൻസ് ഇല്ലാത്ത തോക്കുകൾ, വെടിയുണ്ടകൾ, സ്‌ഫോടകവസ്തുക്കൾ എന്നിവ കൈവശമുള്ളവർ നിയമപരമായ അവസാന തീയതിയായ 2026 ഏപ്രിൽ 1 ബുധനാഴ്ച ഔദ്യോഗിക സമയം അവസാനിക്കുന്നതിനുമുമ്പ് അവ കൈമാറണമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും അഭ്യർത്ഥിച്ചു.
