സാധാരണ പഞ്ചസാര പോലെ തന്നെ രുചിയുള്ള എന്നാൽ അതിലും മികച്ച ഗുണമുള്ള പ്രകൃതിദത്തമായ പഞ്ചസാര കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഇതിൽ കലോറി വളരെ കുറവാണ്. മാത്രമല്ല ഇതു ഉപയോഗിച്ചാൽ ഇൻസുലിന്റെ അളവ് വർധിക്കുകയുമില്ലെന്നാണ് ശാസ്ത്രജ്ഞർ ഉറപ്പ് നൽകുന്നത്. ഈ പുത്തൻ കണ്ടുപിടിത്തം ടേബിൾ ഷുഗറിനും കൃത്രിമമായി മധുരം നൽകാൻ ഉപയോഗിക്കുന്ന വസ്തുക്കൾക്കും പകരമായി ഉപയോഗിക്കാൻ കഴിയുന്ന ആരോഗ്യ ഗുണങ്ങളുള്ളതുമാണ്.
ഈ പഞ്ചസാരയ്ക്ക് നൽകിയിരിക്കുന്ന പേര് ടാഗറ്റോസ് എന്നാണ്. 92ശതമാനത്തോളം സൂക്രോസിന്റെ അതേ മധുരമാണ് ഇതിനുള്ളതെങ്കിലും മൂന്നിലൊന്ന് കലോറി മാത്രമാണ് ഉള്ളത്. സാധാരണയായി ഉപയോഗിക്കുന്ന പഞ്ചസാര, മറ്റ് കൃത്രി മമായ സബ്സ്റ്റിറ്റിയൂട്ടുകൾ എന്നിവ പോലയല്ല ഈ പഞ്ചസാര. ഇവ രക്തത്തിന്റെ ഗ്ലൂക്കോസ് നിലയിൽ ചെറിയ സ്വാധീനം മാത്രമാണ് ഉണ്ടാക്കുന്നത്. പ്രമേഹം അല്ലെങ്കിൽ ഇൻസുലിൻ സെൻസിറ്റിവിറ്റിയുള്ളവർക്ക് ഇതൊരു ആശ്വാസകരമായ കാര്യമാണ്. സെൽ റിപ്പോർട്ട്‌സ് ഫിസിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ടാഗറ്റോസിനെ കുറിച്ച് വിശദീകരിക്കുന്നത്.
Tufts യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഗവേഷകരും ബയോടെക്‌നോളജി ഫേമുകളായ യുഎസിലെ Manus Bio, ഇന്ത്യയിലെ Kcat Enzymatic എന്നിവയുമായി ചേർന്ന് വലിയ അളവിൽ ടാഗറ്റോസ് ഉത്പാദിപ്പിക്കാനുള്ള മികച്ച മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളിലും പാൽ ഉത്പന്നങ്ങളിലും ഇവ പ്രകൃതിദത്തമായി തന്നെയുണ്ട്. എന്നാൽ ഇവയുടെ അളവ് പരിമിതമാണെന്നതാണ് വാണിജ്യമായ ഉപയോഗത്തിന് തടസമാകുന്നത്. നിലവിലുള്ള ഉത്പാദനരീതികൾ ചെലവേറിയതും മതിയായരീതിയിലുള്ളതുമല്ല. ഇതിനും ഇപ്പോൾ പരിഹാരമായിരിക്കുകയാണ്.
ശാസ്ത്രജ്ഞർ Escherichia coli ബാക്ടീരിയെ എൻജിനീയറിങ് ചെയ്താണ് ഈ രീതിയിലേക്ക് എത്തിയത്. സ്ലൈം മോൾഡിൽ നിന്നും ഒരു പുതിയ എൻസൈം ഇവർ കണ്ടെത്തി. ഇതിനെ galactose-1-phosphate-selective phosphatase എന്നാണ് വിളിക്കുന്നത്. ഇതാണ് ഗ്ലൂക്കോസിനെ ടാഗറ്റോസായി മാറ്റുന്നത്. 95 ശതമാനം ഉത്പാദനക്ഷമമാണിത്. നിലവിലുള്ള രീതികളെക്കാൾ വലിയ മാറ്റമാണ് ഇതുവഴി ഉണ്ടായത്.
ടാഗറ്റോസ് പല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് ഉപയോഗിക്കുന്നത് ഓറൽ ബാക്ടീരിയെയും വലിയ രീതിയിൽ ബാധിക്കില്ല. കൃത്രിമ മധുരം നൽകുന്ന പദാർത്ഥങ്ങളിൽ നിന്നും വിഭിന്നമായി ബേക്കിങ് താപനിലയെ പ്രതിരോധിക്കാൻ കഴിയുന്ന വസ്തുവാണ് ടാഗറ്റോസ്. 2032ഓടെ ടാഗറ്റോസിന്റെ വിപണി 250മില്യൺ ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



