കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ പരാതി നൽകി സഹയാത്രിക. വീഡിയോയിലൂടെ തന്റെ മുഖം വെളിപ്പെടുത്തിയതിനാണ് പരാതി നൽകിയിരിക്കുന്നത്. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലാണ് സഹയാത്രികയായ യുവതി പരാതി നൽകിയത്. പ്രചരിക്കുന്ന വീഡിയോയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. കേസിന്റെ ഭാഗമായി അന്വേഷണം വരികയാണെങ്കിൽ എല്ലാം തുറന്നു പറയാൻ തയ്യാറെന്നും യുവതി പ്രതികരിച്ചു. പയ്യന്നൂരിൽ ഷിംജിതയും ദീപക്കും യാത്ര ചെയ്ത അൽ അമീൻ ബസ്സിൽ വെച്ചായിരുന്നു സംഭവം നടന്നത്.
അതേസമയം, ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്നത്. ദീപക്കിന്റെ കുടുബത്തിന്റെ പുതിയ വക്കാലത്തും കോടതിയിൽ ഫയൽ ചെയ്തു. പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത് മഞ്ചേരി വനിത സബ്ജയിലേക്ക് മാറ്റിയിരിക്കുകയാണ്.



