ന്യൂസിലാൻഡിനെതിരെയുള്ള ടി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ മിന്നും വിജയവുമായി ഇന്ത്യ. വെറും പത്തോവറിലാണ് ഇന്ത്യ കളി തീർത്തത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവും അഭിഷേക് ശർമയും വെടിക്കെട്ട് ഫിഫ്റ്റികൾ നേടി.സൂര്യ 26 പന്തിൽ 57 റൺസ് നേടിയപ്പോൾ അഭിഷേക് 20 പന്തിൽ 68 റൺസ് നേടി. സൂര്യ മൂന്ന് സിക്‌സറും ആറ് ഫോറുകളും നേടി. അഭിഷേക് അഞ്ചു സിക്‌സറും ഏഴ് ഫോറുകളും നേടി.
ഗോൾഡൻ ഡക്കായ സഞ്ജു സാംസണിന്റെയും 13 പന്തിൽ 28 റൺസ് നേടിയ ഇഷാൻ കിഷന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്. ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഹാർദിക് പാണ്ഡ്യയും രവി ബിഷ്‌ണോയിയും രണ്ട് വീതവും വിക്കറ്റ് നേടി.നാലോവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്താണ് ബുംറ മൂന്ന് വിക്കറ്റ് നേടിയത്. ബിഷ്‌ണോയി നാലോവറിൽ 18 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. 40 പന്തിൽ 48 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സാണ് കിവികളിൽ ടോപ് സ്‌കോറർ. മാര്‍ക്ക് ചാപ്മാന്‍ 32 റൺസും മിച്ചൽ സാന്റ്നർ 27 റൺസും നേടി.



