കുവൈത്ത്സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നുകയറിയ ശത്രു വ്യോമ ലക്ഷ്യങ്ങളെ കുവൈത്ത് സായുധസേന വിജയകരമായി നേരിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ 5 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതിൽ 4 എണ്ണം തടഞ്ഞ് നശിപ്പിച്ചു, ഒരു മിസൈൽ ഭീഷണി പരിധിക്ക് പുറത്തേക്ക് വീണതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ-അത്വാൻ മാധ്യമ ബ്രിഫിംഗിൽ അറിയിച്ചു.
അതോടൊപ്പം 7 ശത്രു ഡ്രോണുകൾ കണ്ടെത്തിയതിൽ 5 എണ്ണം തകർത്തു, രണ്ട് ഡ്രോണുകൾ ഭീഷണി പരിധിക്ക് പുറത്തായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് പുലർച്ചെ രാജ്യത്തിന്റെ തെക്കൻ ഭാഗത്തെ ഒരു താമസകെട്ടിടത്തെ ശത്രു ഡ്രോൺ ലക്ഷ്യമിട്ടതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റതും വസ്തുനാശം സംഭവിച്ചതുമാണ്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകുകയാണെന്നും അധികൃതർ അറിയിച്ചു.
കൂടാതെ മറ്റൊരു ഡ്രോൺ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടതിനെ തുടർന്ന് ചെറിയ വസ്തുനാശം ഉണ്ടായെങ്കിലും ആളപായമില്ല. ഡ്രോണുകളെ തടയുന്നതിനിടെ വീണ അവശിഷ്ടങ്ങൾ കാരണം ചില വൈദ്യുതി ലൈനുകൾ താൽക്കാലികമായി പ്രവർത്തനരഹിതമായെന്നും അദ്ദേഹം പറഞ്ഞു.സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ Explosive Ordnance Disposal (EOD) യൂണിറ്റ് എട്ട് സംഭവ റിപ്പോർട്ടുകൾ കൈകാര്യം ചെയ്ത് അപകടകരമായ അവശിഷ്ടങ്ങൾ നീക്കം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ വ്യോമപരിധിയും സുരക്ഷയും സംരക്ഷിക്കാൻ സായുധസേന മറ്റ് സൈനിക വിഭാഗങ്ങളുമായി ചേർന്ന് ഉയർന്ന ജാഗ്രതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിൽക്കാൻ ദൈവത്തോട് പ്രാർത്ഥിച്ച അദ്ദേഹം, രാജ്യത്തിനായി ജീവത്യാഗം ചെയ്ത വീരമൃത്യു വരിച്ചവർക്കായി ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

