കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കുവൈത്ത് നാഷണൽ ഗാർഡ് രണ്ട് ഡ്രോണുകൾ വെടിവെച്ച് തകർത്തതായി ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ അറിയിച്ചു.
വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, നാഷണൽ ഗാർഡിന്റെ ഡ്യൂട്ടി ഫോഴ്സ് അവരുടെ സുരക്ഷാ ചുമതലയിലുള്ള പ്രദേശങ്ങളിൽ പറന്നെത്തിയ രണ്ട് ഡ്രോണുകളെയാണ് തകർത്തതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന കേന്ദ്രങ്ങൾ സംരക്ഷിക്കുകയും രാജ്യസുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷയും സുരക്ഷാ മുൻകരുതലുകളും സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
സൈന്യം, പൊലീസ്, ജനറൽ ഫയർ ഫോഴ്സ് എന്നിവരുമായി സഹകരിച്ച് നാഷണൽ ഗാർഡ് സേന ഏത് തരത്തിലുള്ള ഭീഷണിയെയും നേരിടാൻ പൂർണ്ണ സജ്ജമായിരിക്കുകയാണെന്നും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
