കുവൈറ്റ് സിറ്റി: രാജ്യത്ത് അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സാധനങ്ങളുടെ തടസ്സമില്ലാത്ത വിതരണവും വിലസ്ഥിരതയും ഉറപ്പാക്കുന്നതിനായി നിർണ്ണായക നീക്കവുമായി വാണിജ്യ വ്യവസായ മന്ത്രാലയം. വർദ്ധിച്ചുവരുന്ന ഇറക്കുമതി ചെലവുകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട 2026-ലെ 30-ാം നമ്പർ മന്ത്രാലയ പ്രമേയം ഇതിനായി ലക്ഷ്യമിടുന്നതായി ആക്ടിംഗ് അണ്ടർസെക്രട്ടറി മർവ അൽ-ജൈദാൻ സ്ഥിരീകരിച്ചു.
കുവൈറ്റ് സ്റ്റേറ്റ് ടെലിവിഷന് നൽകിയ പ്രത്യേക പ്രസ്താവനയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ന്യായമായ വിലയിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുക എന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. ഫെബ്രുവരി 28-ന് മുൻപുള്ള ഇറക്കുമതി ചെലവുകളും അതിനുശേഷം ഉണ്ടായ യഥാർത്ഥ ചെലവുകളും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാണ് സർക്കാർ പിന്തുണ നൽകുന്നത്. ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ വർദ്ധനവ്, കപ്പൽ കൂലി, ഇൻഷുറൻസ് തുക എന്നിവയിലെ അധിക ചിലവുകൾ ഈ പദ്ധതിയുടെ പരിധിയിൽ വരും.
അതേസമയം, ലോക്കൽ വെയർഹൗസുകളിലെ സംഭരണച്ചെലവ് ഉൾപ്പെടെയുള്ള സാധാരണ ചെലവുകളെ ഈ സാമ്പത്തിക പിന്തുണയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള പ്രതിസന്ധികൾ പ്രാദേശിക വിപണിയെയും സാധാരണക്കാരെയും ബാധിക്കാതിരിക്കാൻ മന്ത്രാലയം അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മർവ അൽ-ജൈദാൻ കൂട്ടിച്ചേർത്തു. ഇറക്കുമതി രംഗത്തെ പ്രതിസന്ധികൾ മറികടക്കാൻ വ്യാപാരികൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
