കുവൈറ്റ് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ മിതത്വം പാലിക്കണമെന്നും ഉത്തരവാദിത്തപരമായ രീതിയിൽ മാത്രം വിപണിയെ സമീപിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ.
സ്വദേശികളും വിദേശികളും ഒരുപോലെ ജാഗ്രത പാലിക്കണമെന്നും അമിതമായി സാധനങ്ങൾ ശേഖരിച്ചുവെക്കുന്ന പ്രവണതയും പരിഭ്രാന്തി മൂലമുള്ള വാങ്ങലുകളും ഒഴിവാക്കണമെന്നും അധികൃതർ പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
അവശ്യസാധനങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരം നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ മാത്രം പിന്തുടരാൻ പൗരന്മാരോട് സിജിസി ആവശ്യപ്പെട്ടു. വിപണിയിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അതിനാൽ അനാവശ്യമായ ആശങ്കകൾക്ക് സ്ഥാനമില്ലെന്നും അറിയിപ്പിൽ പറയുന്നു.
ഇതിനൊപ്പം തന്നെ, ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ കർശന മുന്നറിയിപ്പ് നൽകി. സാമൂഹിക ഉത്തരവാദിത്തം മുൻനിർത്തി വിവേകപൂർവ്വം പ്രവർത്തിക്കുന്നത് രാജ്യത്തിന്റെ സ്ഥിരത നിലനിർത്താൻ സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

