കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തേയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് (മാർച്ച് 15) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം നാലുമണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഈ നിയമസഭകളുടെ കാലാവധി മെയ്, ജൂൺ മാസങ്ങളിൽ വ്യത്യസ്ത തീയതികളിലായി അവസാനിക്കും. ആസാം നിയമസഭയുടെ കാലാവധി മെയ് 20 ന് അവസാനിക്കും. കേരളത്തിൻ്റെ കാലാവധി മെയ് 23 നും തമിഴ്നാട് നിയമസഭയുടെ കാലാവധി മെയ് 10 നും, പശ്ചിമ ബംഗാളിൻ്റെ നിയമസഭാ കാലാവധി മെയ് ഏഴിനും അവസാനിക്കാനിരിക്കുകയാണ്.
മുന്നണികളിൽ സ്ഥാനാർഥി പ്രഖ്യാപനവും ചർച്ചകളും സജീവമാകുന്നു. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെപിയും, ഭരണം പിടിക്കാൻ യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും കളത്തിലിറങ്ങുകയാണ്.

