പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവില വർധിപ്പിച്ച് നയാര എനർജി. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കൂട്ടിയത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലർ കമ്പനിയാണ് നയാര എനർജി.ആഗോളതലത്തിൽ ഊർജവിതരണത്തെ പശ്ചിമേഷ്യൻ സംഘർഷങ്ങൾ സാരമായി ബാധിച്ചതാണ് വില വർധനയ്ക്ക് കാരണം. പുതിയ നിരക്ക് ഉടൻ പ്രാബല്യത്തിൽ വരും. കേരളത്തിലടക്കം നയാര എനർജിക്ക് പമ്പുകളുണ്ട്. മറ്റ് എണ്ണക്കമ്പനികളും സമാനമായി വില വർധിപ്പിച്ചേക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ധനവില വർധന അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക ശക്തമാണ്.
പ്രീമിയം പെട്രോളിനും വില കൂട്ടികഴിഞ്ഞ ആഴ്ച രാജ്യത്ത് കടുത്ത എൽപിജി ക്ഷാമം നേരിടുന്നതിനിടെ പ്രീമിയം പെട്രോളിൻ്റെ വിലയും നയാര കൂട്ടിയിരുന്നു. ലിറ്ററിന് 2.35 രൂപയാണ് അന്ന് വർധിപ്പിച്ചത്. രാജ്യത്തെ 1,02,075 പെട്രോൾ പമ്പുകളിൽ 6,967 എണ്ണവും നയാര എനർജിയുടേതാണ്. ഇൻപുട്ട് ചെലവുകളിലെ വർധനയുടെ ഒരു ഭാഗം ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ഇസ്രയേൽ – പലസ്തീൻ സംഘർഷവും പശ്ചിമേഷ്യയിലെ മറ്റ് പ്രതിസന്ധികളും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വലിയ തോതിൽ ഉയരാൻ കാരണമായിട്ടുണ്ട്. ബ്രെൻ്റ് ക്രൂഡ് നിരക്കിലുണ്ടായ ഈ മാറ്റങ്ങളാണ് ഇപ്പോൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിൻ്റെയും കൺസോർഷ്യത്തിൻ്റെയും പിന്തുണയുള്ള കമ്പനിയാണ് നയാര എനർജി.
ന്യൂഡൽഹിയിൽ ഒരു ലിറ്റർ സാധാരണ പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ് നിലവിലെ നിരക്ക്. 91-92 ഒക്ടേൻ റേറ്റിങ്ങുള്ള സാധാരണ പെട്രോൾ മിക്ക എൻജിനുകൾക്കും അനുയോജ്യമാണ്. ദൈനംദിന ഉപയോഗത്തിന് ഇത് മതിയാകും. എന്നാൽ പ്രീമിയം പെട്രോളിന് 95-98 ആണ് ഒക്ടേൻ റേറ്റിങ്. മികച്ച പ്രകടനമുള്ള എൻജിനുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണിത്.
