ഹൈദരാബാദ്: യുകെ ഉൾപ്പെടെയുള്ള വിപണികളിൽ അവതരിപ്പിച്ച് ഒരു മാസത്തിന് ശേഷം സാംസങ് ഗാലക്‌സി ബുക്ക് 6 സീരിസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ഫ്ലാഗ്‌ഷിപ്പ് ഗാലക്‌സി ബുക്ക് 6 അൾട്രാ, ഗാലക്‌സി ബുക്ക് 6 പ്രോ, സ്റ്റാൻഡേർഡ് ഗാലക്‌സി ബുക്ക് 6 എന്നീ മോഡലുകൾ അടങ്ങുന്നതാണ് ഈ ലൈനപ്പ്. കമ്പനിയുടെ ഓൺലൈൻ സ്റ്റോറിലൂടെയും സാംസങ് അംഗീകൃത ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയും പുതിയ ഈ മൂന്ന് ലാപ്‌ടോപ്പുകൾ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും.
അൾട്രാ, പ്രോ മോഡലുകൾ ഒരൊറ്റ ഷേഡിൽ മാത്രമാണ് ലഭ്യമാവുക. അതേസമയം സ്റ്റാൻഡേർഡ് മോഡൽ രണ്ട് കളർ ഓപ്ഷനുകളിൽ ലഭിക്കും. പുതിയ ഗാലക്‌സി ബുക്ക് 6 സീരിസ് ലാപ്‌ടോപ്പുകൾ ഇന്‍റലിന്‍റെ ഏറ്റവും പുതിയ പാന്തർ ലേക്ക് പ്രോസസറുകളാണ് നൽകുന്നത്. മൂന്ന് ലാപ്‌ടോപ്പുകളുടെയും വിലയും സവിശേഷതകളും പരിശോധിക്കാം.
സാംസങ് ഗാലക്‌സി ബുക്ക് 6 സീരിസ്: ഇന്ത്യയിലെ വില, ലഭ്യത
ഇന്‍റൽ കോർ അൾട്രാ 7 സീരിസ് 3 പ്രോസസർ ഉൾക്കൊള്ളുന്ന സാംസങ് ഗാലക്‌സി ബുക്ക് 6 അൾട്രയ്‌ക്ക് ഇന്ത്യയിൽ 2,42,990 രൂപയാണ് വില. അതേസമയം ഇന്‍റൽ കോർ അൾട്രാ 5 സീരിസ് 3 പ്രോസസർ, 16 ജിബി റാം, 512 ജിബി സ്റ്റോറേജ് എന്നിവയുള്ള 14 ഇഞ്ച് ഗാലക്‌സി ബുക്ക് 6 പ്രോയുടെ അടിസ്ഥാന വേരിയന്‍റിന് 1,78,990 രൂപയാണ് വില. ഗാലക്‌സി ബുക്ക് 6 അൾട്രയും പ്രോ മോഡലും ഗ്രേ നിറത്തിൽ മാത്രമേ ലഭ്യമാവൂ. അതേസമയം ഗാലക്‌സി ബുക്ക് 6 സ്റ്റാൻഡേർഡ് ഗ്രേ, സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമാവും. പ്രോ മോഡലിന്‍റെ അതേ പ്രോസസർ, റാം, സ്റ്റോറേജ് കോൺഫിഗറേഷൻ എന്നിവയുള്ള 14 ഇഞ്ച് സാംസങ് ഗാലക്‌സി ബുക്ക് 6ന്‍റെ വില 1,27,990 രൂപയിൽ ആരംഭിക്കുന്നു.
കമ്പനി 24 മാസം വരെ പലിശ രഹിത ഇഎംഐ ഓപ്ഷനുകൾ അല്ലെങ്കിൽ 5,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. സാധുവായ സ്റ്റുഡന്‍റ് ഐഡി ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് 10 ശതമാനം വരെ അധിക ആനുകൂല്യങ്ങൾ നേടാം. പുതിയ സാംസങ് ഗാലക്‌സി ബുക്ക് 6 സീരിസ് ഇന്ത്യയിൽ സാംസങ് ഓൺലൈൻ സ്റ്റോർ വഴിയും മറ്റ് സാംസങ് അംഗീകൃത ഓഫ്‌ലൈൻ റീട്ടെയിൽ ചാനലുകൾ വഴിയും വാങ്ങാം.
