കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്ത് വ്യോമപരിധിയിൽ പ്രവേശിച്ച 9 ബാലിസ്റ്റിക് മിസൈലുകളും 4 ക്രൂയിസ് മിസൈലുകളും 31 ശത്രു ഡ്രോണുകളും കുവൈത്ത് സായുധസേന നിരീക്ഷിച്ച് പ്രതിരോധ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ഡ്രോൺ ആക്രമണം രണ്ട് വൈദ്യുതി നിലയങ്ങളും ജല (ഡീസലിനേഷൻ) പ്ലാന്റുകളും, ഓയിൽ സെക്ടർ കോംപ്ലക്സും, കുവൈത്ത് പെട്രോളിയം കോർപ്പറേഷനുമായി ബന്ധപ്പെട്ട ചില പ്രവർത്തന സൗകര്യങ്ങളും, മന്ത്രാലയ സമുച്ചയത്തിലെ ഒരു കെട്ടിടവും ലക്ഷ്യമിട്ടതായി അധികൃതർ വ്യക്തമാക്കി.
ആക്രമണത്തിൽ വലിയ തോതിൽ വസ്തു നാശവും ചില ഇടങ്ങളിൽ തീപിടിത്തവും ഉണ്ടായെങ്കിലും ബന്ധപ്പെട്ട അധികാരികൾ ഉടൻ നിയന്ത്രണത്തിലാക്കി. മനുഷ്യഹാനി ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ലക്ഷ്യമിട്ട സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോകളോ വീഡിയോകളോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുതെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും വ്യാജ അക്കൗണ്ടുകളുമായി ഇടപെടരുതെന്നും സായുധസേന ജനങ്ങളോട് അഭ്യർത്ഥിച്ചു.
വിശ്വാസയോഗ്യമായ അധികൃത ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ പിന്തുടരാവൂ എന്നും സായുധസേന രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഉയർന്ന ജാഗ്രതയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
