കുവൈത്ത്: കുവൈത്തിൽ ഇടിയോടുകൂടിയ മഴ, പൊടിക്കാറ്റ് സാധ്യത; വെള്ളിയാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെടുംകുവൈത്ത്: ഈ ആഴ്ചയുടെ അവസാനം വരെ രാജ്യത്ത് കാലാവസ്ഥയിൽ ഭാഗിക അസ്ഥിരത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേഘങ്ങൾ വർധിക്കുകയും ഒറ്റപ്പെട്ട മഴയും ചിലപ്പോൾ ഇടിയോടുകൂടിയ മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ചില സമയങ്ങളിൽ ശക്തമായ കാറ്റ് വീശി പൊടിക്കാറ്റ് ഉയരാനും, അതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ദൃശ്യപരിതി കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ദരാർ അൽ-അലി കുവൈത്ത് ന്യൂസ് ഏജൻസിയോട് പറഞ്ഞു, ഇന്ന് പകൽ മുതൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത ആരംഭിച്ച് രാത്രി വരെ തുടരാം.
കടലിൽ ഉയർന്ന തിരമാലകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കാലാവസ്ഥയിൽ ക്രമേണ മെച്ചം ഉണ്ടാകുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച വൈകുന്നേരം മുതൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, അത് ശനിയാഴ്ച വൈകുന്നേരം വരെ തുടരുകയും ചില പ്രദേശങ്ങളിൽ ദൃശ്യപരിധി കുറയുകയും ചെയ്യാം എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
