കുവൈത്ത് സിറ്റി: രാജ്യത്ത് വരാനിരിക്കുന്നതോ നിലവിലുള്ളതോ ആയ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിനായി പുതിയ ടെലിഫോൺ അലേർട്ട് സംവിധാനത്തിന് സർക്കാർ വാർത്താവിനിമയ കേന്ദ്രം തുടക്കം കുറിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ സംവിധാനം അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കും.
നിലവിൽ ആൻഡ്രോയിഡ്, ഹുവായ് ഫോണുകളിൽ ഈ സേവനം ലഭ്യമാണ്. ആപ്പിൾ ഉപകരണങ്ങൾക്കുള്ള പിന്തുണ അടുത്ത ഘട്ടത്തിൽ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.പ്രധാനമായും മൂന്ന് തലങ്ങളിലായാണ് ഈ അലേർട്ട് സംവിധാനം പ്രവർത്തിക്കുന്നത്. ആദ്യത്തെ തലം അതീവ ഗുരുതരമായ സാഹചര്യങ്ങളെ സൂചിപ്പിക്കുന്നു; ഈ സമയത്ത് പ്രത്യേക വാണിംഗ് ടോണോട് കൂടിയ അറിയിപ്പുകൾ ഫോണിലെത്തും. രണ്ടാമത്തെ തലം സാധാരണ എസ്എംഎസ് ടോണോട് കൂടിയ മുന്നറിയിപ്പ് സന്ദേശങ്ങളാണ് നൽകുന്നത്. മൂന്നാമത്തെ തലം ശബ്ദമില്ലാത്ത സൈലന്റ് സന്ദേശങ്ങളാണ്. അപകടത്തിന്റെ തീവ്രത അനുസരിച്ചായിരിക്കും ഈ സന്ദേശങ്ങൾ ജനങ്ങൾക്ക് ലഭിക്കുക.
ഉപഭോക്താക്കൾക്ക് തങ്ങളുടെ ഫോണിലെ സെറ്റിംഗ്‌സ് വഴി ഈ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്താനും ആവശ്യമെങ്കിൽ സേവനം ഓഫാക്കി വെക്കാനും സാധിക്കുമെന്ന് വാർത്താവിനിമയ കേന്ദ്രം വ്യക്തമാക്കി. പ്രകൃതിക്ഷോഭങ്ങൾ, മറ്റ് സുരക്ഷാ ഭീഷണികൾ എന്നിവയുണ്ടാകുമ്പോൾ കൃത്യമായ വിവരങ്ങൾ തത്സമയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
