ബഹിരാകാശ മേഖലയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയ്‌റോസ്‌പേസ്. കമ്പനി വികസിപ്പിച്ചെടുത്ത വിക്രം-1 റോക്കറ്റ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിലേക്ക് വിജയകരമായി എത്തിച്ചു. റോക്കറ്റിന്‍റെ ഒന്നാം ഘട്ടമായ മിഷൻ കലാം 250-ന്‍റെ സംയോജന പ്രക്രിയ വിജയകരമായി പൂർത്തിയായി.
ദൗത്യത്തിന് മുന്നോടിയായുള്ള അന്തിമ സാങ്കേതിക പരിശോധനകൾ നടന്നുവരികയാണ്. റോക്കറ്റ് വികസനത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങൾ സ്കൈറൂട്ട് എയ്‌റോസ്‌പേസ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കിട്ടു. രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് എന്ന ബഹുമതി വിക്രം-1ന് സ്വന്തമാണ്.
ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകുന്നതിനാണ് റോക്കറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. റോക്കറ്റ് 2026ൽ തന്നെ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. റോക്കറ്റിന്‍റെ ഏറ്റവും വലുതും കരുത്തുറ്റതുമായ ഭാഗമായാണ് ഒന്നാം ഘട്ടത്തെ കണക്കാക്കുന്നത്. എപിജെ അബ്‌ദുൾ കലാമിന്‍റെ പേരിൽ അറിയപ്പെടുന്ന സോളിഡ്-ഫ്യുവൽ മോട്ടോറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.



