വാനനിരീക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്. യൂറോപ്പിലുടനീളമുള്ള 15 മില്യണ്‍ ആളുകള്‍ക്ക് ഈ ആകാശ വിസ്മയത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാനാകും. പട്ടാപകല്‍ കൂരാകുരിട്ടിലേക്ക് വീഴുന്ന അദ്ഭുത കാഴ്ചയ്ക്കാണ് ഇവര്‍ സാക്ഷ്യം വഹിക്കുക. 20 വർഷത്തിന് ശേഷം യൂറോപ്പിൽ വീണ്ടും ദൃശ്യമാകുന്ന സമ്പൂർണ്ണ സൂര്യഗ്രഹണം എന്ന പ്രത്യേകതയും ഇതിനുണ്ട്. സ്പെയിൻ, പോർച്ചുഗൽ, ഐസ്‌ലാൻഡ്, ഗ്രീൻലാൻഡ് എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളിൽ സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. അതേസമയം, ഇന്ത്യയിലുള്ളവർക്ക് ഈ അപൂർവ്വ പ്രതിഭാസം നേരിട്ട് കാണാൻ സാധിക്കില്ല.
സമയ മേഖലകളിലെ വ്യത്യാസം കാരണം, ഇന്ത്യൻ സമയം (IST) അനുസരിച്ച് ഇന്ന് (ഓഗസ്റ്റ് 12) രാത്രി 9:45 മുതൽ ആഗസ്റ്റ് 13 പുലർച്ചെ 2:15 വരെയുള്ള സമയത്താണ് ഗ്രഹണം നടക്കുന്നത്. അതായത് ഇന്ത്യയിൽ ഈ സമയം രാത്രിയായതിനാൽ ഇന്ത്യക്കാർക്ക് ഈ സൂര്യഗ്രഹണം കാണാൻ കഴിയില്ല. എങ്കിലും ഗ്രഹണ പാതയില്‍ ഇല്ലാത്തവര്‍ക്ക് ഓൺലൈൻ ലൈവ് സംപ്രേക്ഷണങ്ങളിലൂടെ ഈ വിസ്മയ കാഴ്ച ആസ്വദിക്കാവുന്നതാണ്.



