കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (SAVWIPL) എം.ഡിയും സി.ഇ.ഒയുമായ പിയൂഷ് അറോറയുടെ നേതൃത്വത്തിലുള്ള ഉന്നതതല കോർപ്പറേറ്റ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ വാഹന മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളായിരുന്നു ചർച്ച ചെയ്തത്. ഇലക്ട്രിക് വാഹനങ്ങൾ പ്രാദേശികമായി നിർമ്മിക്കുന്നതിനെ കുറിച്ചും അവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചും ആയിരുന്നു പ്രധാന ചർച്ച.
വിദേശത്തേക്കുള്ള വാഹന കയറ്റുമതി വർധിപ്പിക്കുക, ആഭ്യന്തര നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുക, ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണ ഘട്ടം വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങൾക്കാണ് ഊന്നൽ നൽകിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പിയൂഷ് ഗോയലിന്റെ ഓഫീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
“സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (SAVWIPL) എം.ഡിയും സി.ഇ.ഒയുമായ പിയൂഷ് അറോറയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി മന്ത്രി പിയൂഷ് ഗോയൽ കൂടിക്കാഴ്ച നടത്തി.” വാഹന കയറ്റുമതി വിപുലീകരിക്കുന്നതിനും, ആഗോള വാഹന നിർമ്മാണ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും, ഇലക്ട്രിക് വാഹന നിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതിനും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതായി കുറിപ്പിൽ പറയുന്നു.



