കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ രണ്ട് ഇറ്റാലിയൻ പൗരന്മാർ മരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ അത്വാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രാജ്യത്തെ സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായി നേരത്തെ പ്രതിരോധ മന്ത്രാലയം 83-ാം നമ്പർ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് ഇറ്റാലിയൻ പൗരന്മാരാണ് മരിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ ഒരു കുവൈത്ത് പൗരനും ഒരു പാകിസ്ഥാൻ പൗരനും ചികിത്സയിലാണ്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കുവൈത്ത് പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ മറ്റുള്ളവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.



