കുവൈത്ത്സിറ്റി: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെ.ജെ.പി.എസ്) ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് പ്രമേഹ ബോധവത്കരണവും ആരോഗ്യ പരിശോധനാ ക്യാമ്പും സംഘടിപ്പിക്കുന്നു.
നവംബർ 27 വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ അബ്ബാസിയയിലെ അൽ നഹീൽ ഇന്റർനാഷണൽ ക്ലിനിക്കിലാണ് ക്യാമ്പ് നടക്കുന്നത്.ക്യാമ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ക്ലിനിക്ക് മാനേജ്‌മെന്റുമായി കെ.ജെ.പി.എസ് ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. സമാജം പ്രസിഡന്റ് ബിനിൽ റ്റി. ടി. ജനറൽ സെക്രട്ടറി ഷാഹിദ് ലബ്ബ, വനിതാവേദി ചെയർപേഴ്സൺ മിനി ഗീ വർഗീസ്, മീഡിയ സെക്രട്ടറി ഷംന അൽ അമീൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ക്യാമ്പിന്റെ നടത്തിപ്പ്, ആരോഗ്യ പരിശോധനാ പാക്കേജുകൾ, ഡോക്ടർ കൺസൾട്ടേഷൻ, ബോധവത്കരണ പരിപാടികൾ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ച നടത്തി.ക്ലിനിക്ക് മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് മാർക്കറ്റിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് സീനിയർ മാനേജർ മുഹമ്മദ് അസ്ലം, ഓപ്പറേഷൻസ് മാനേജർ സുബൈർ മുസ്‌ലിയാരകത്ത്, എച്ച്.ആർ. ഡെപ്യൂട്ടി ഓഫീസർ ലൂസിയ വില്യംസ്, ഓപ്പറേഷൻസ് ഡ്യൂട്ടി മാനേജർ ജിജിൻ ജെ. ദേവ്, റിസപ്ഷൻ ഇൻചാർജ് തൻസീർ, മാർക്കറ്റിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ് നയീമ അയൂബ് എന്നിവർ പങ്കെടുത്തു.
പ്രമേഹ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും പ്രാധാന്യം നൽകുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും വിവിധ ആരോഗ്യ പരിശോധനാ സൗകര്യങ്ങളും ലഭ്യമാകും. മുൻപ് HbA1c പരിശോധന നടത്തിയിട്ടില്ലാത്ത സമാജം അംഗങ്ങൾക്ക് HbA1c പരിശോധനയും ഒരുക്കിയിട്ടുണ്ട്.പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് സമാജം നടപ്പാക്കിവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനും ക്ഷേമത്തിനും മുന്തിയ പരിഗണന നൽകുന്ന കെ.ജെ.പി.എസ്, സാമ്പത്തിക പരിമിതികൾ മൂലം ആരോഗ്യ പരിശോധനകൾ നടത്താൻ കഴിയാത്തവർക്ക് ഉൾപ്പെടെ പ്രയോജനപ്പെടുന്ന ഇത്തരം മെഡിക്കൽ ക്യാമ്പുകളിലൂടെ മാതൃകാപരമായ സാമൂഹിക സേവന പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. മികച്ച ആരോഗ്യ സേവനങ്ങൾ അംഗങ്ങൾക്ക് പ്രാപ്യമാക്കുകയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ സമാജം ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.



