കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മയക്കുമരുന്ന് വ്യാപാരിക്ക് കുവൈത്ത് കോടതി 15 വർഷത്തെ തടവുശിക്ഷ വിധിച്ചു.മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥനുനേരെ വെടിയുതിർത്ത കുവൈത്ത് സ്വദേശിക്കാണ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പിസ്റ്റൾ ഉപയോഗിച്ച് ഉദ്യോഗസ്ഥനുനേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. എന്നാൽ, മതിലിന് പിന്നിൽ അഭയം തേടിയ ഉദ്യോഗസ്ഥൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ജഡ്ജി നാസർ അൽ ബദറിന്റെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതി ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിനാണ് പ്രതിക്ക് 15 വർഷത്തെ തടവുശിക്ഷ വിധിച്ചത്.



