ആൻഡ്രോയിഡ് 17 ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച പുതിയ ‘കളർ ഒഎസ് 17’ സോഫ്റ്റ്‌വെയറിന്‍റെ നവംബർ മാസത്തെ റിലീസ് ഷെഡ്യൂൾ വൺപ്ലസ് പുറത്തുവിട്ടു. വൺപ്ലസ് 13 ആറിൽ ഇതിനകം ഈ അപ്‌ഡേറ്റ് ലഭ്യമായിട്ടുണ്ട്. ഈ മാസം അവസാനിക്കുന്നതിന് മുമ്പ് അഞ്ച് ഉപകരണങ്ങളിൽ കൂടി പുതിയ സോഫ്‌റ്റ്‌വെയർ ലഭ്യമാകും.
2026 നവംബർ 5ന് വൺപ്ലസ് കമ്മ്യൂണിറ്റി ഫോറത്തിലാണ് ഈ പദ്ധതി പ്രസിദ്ധീകരിച്ചത്. സോഫ്റ്റ്‌വെയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പദ്ധതിയിടുന്നതായി വൺപ്ലസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. വൺപ്ലസിന്‍റെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഓക്‌സിജൻ ഒഎസിന്‍റെ അവസാനത്തെയും ഓപ്പോയുടെ ഓപ്പറേറ്റിങ് സിസ്റ്റമായ കളർഒഎസിലേക്കുള്ള മാറ്റത്തെയും ഇത് അടയാളപ്പെടുത്തുന്നു.
എല്ലാ ഉപകരണങ്ങളിലും പുതിയ പതിപ്പ് ഇതുവരെ എത്തിയിട്ടില്ല. കമ്പനിയുടെ നിരയിൽ ‘വൺപ്ലസ് 15’ ആണ് കളർ ഒഎസ് 17ന്‍റെ സ്റ്റേബിൾ തിപ്പ് ലഭിച്ച ആദ്യത്തെ സ്മാർട്ട്ഫോൺ. ഇപ്പോൾ പഴയ മോഡലുകളിലേക്കും ഈ അപ്‌ഡേറ്റ് എത്തുകയാണ്.
കളർ ഒഎസ് 17: അപ്‌ഡേറ്റ് ഷെഡ്യൂൾവൺപ്ലസിന്‍റെ കമ്മ്യൂണിറ്റി പോസ്റ്റ് അനുസരിച്ച്, ഓരോ ഉപകരണത്തിലും ColorOS 17 അപ്‌ഡേറ്റ് ലഭിക്കുന്ന തീയതികളും സമയവും ഓരോ പ്രദേശത്തിനും മോഡലിനും അനുസരിച്ച് വ്യത്യാസപ്പെടാം. സോഫ്റ്റ്‌വെയർ അനുഭവം സുഗമവും വിശ്വസനീയവുമായി നിലനിർത്തുന്നതിനായി, ഘട്ടം ഘട്ടമായാകും അപ്‌ഡേറ്റുകൾ പുറത്തിറക്കുക. അതായത്, ഒരേ മോഡൽ ഫോൺ ഉപയോഗിക്കുന്നവർക്ക് പോലും ഒരേ ദിവസം അപ്‌ഡേറ്റ് ലഭിക്കണമെന്നില്ല.
കഴിഞ്ഞ നവംബർ 5ന് വൺപ്ലസ് 13ആറിൽ ഈ അപ്‌ഡേറ്റ് ലഭ്യമായിട്ടുണ്ട്. ഈ ഫോൺ ഉപയോഗിക്കുന്നവർക്ക് അപ്‌ഡേറ്റ് കാണാൻ കഴിയുന്നില്ലെങ്കിൽ, കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. ഘട്ടം ഘട്ടമായാകും അപ്‌ഡേറ്റ് ലഭ്യമാകുക.അടുത്തതായി വൺപ്ലസ് 12-ലേക്കും അതിനു തൊട്ടടുത്ത ദിവസം വൺപ്ലസ് പാഡ് 3ലും അപ്‌ഡേറ്റ് എത്തും. കമ്പനിയുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ വൺപ്ലസ് ഓപ്പണിൽ നവംബർ 24നാണ് അപ്‌ഡേറ്റ് ലഭിക്കുക. മിഡ്-റേഞ്ച് മോഡലുകളായ നോർഡ് 6, നോർഡ് സിഇ 6 എന്നിവയിൽ നവംബർ 26-ന് അപ്‌ഡേറ്റ് എത്തും. കളർ ഒഎസ് 17 അപ്‌ഡേറ്റിനായി ഉപയോക്താക്കൾ കാണിച്ച ക്ഷമയ്ക്കും നൽകിയ പിന്തുണയ്ക്കും കമ്പനി നന്ദി അറിയിച്ചു.



