കുവൈത്ത് സിറ്റി: രാജ്യത്തെ മണി എക്സ്ചേഞ്ച് കമ്പനികളുടെ രൂപീകരണത്തിനും പ്രവർത്തനത്തിനും പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി കുവൈത്ത് സെൻട്രൽ ബാങ്ക്. ധനകാര്യ മേഖലയിലെ മേൽനോട്ടം ശക്തമാക്കുന്നതിനും സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയും സുതാര്യതയും ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
പുതിയ വ്യവസ്ഥകൾ പ്രകാരം ഓഹരി കമ്പനികളായി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് മാത്രമേ മണി എക്സ്ചേഞ്ച് സേവനങ്ങൾ നടത്താൻ അനുമതിയുണ്ടാകൂ. വിദേശ കറൻസി വിനിമയം, പണമിടപാട്, ട്രാവലേഴ്സ് ചെക്കുകൾ, വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാരം തുടങ്ങിയ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് കുറഞ്ഞത് ഒരു കോടി കുവൈത്ത് ദിനാർ മൂലധനം ഉണ്ടായിരിക്കണം.വിദേശ കറൻസികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് കുറഞ്ഞത് 50 ലക്ഷം ദിനാർ മൂലധനം നിർബന്ധമാണ്. പുതിയ ശാഖകൾ ആരംഭിക്കുന്നതിനും മൊബൈൽ എക്സ്ചേഞ്ച് വാഹനങ്ങൾക്ക് ലൈസൻസ് നേടുന്നതിനും 2.5 ലക്ഷം ദിനാർ വീതം മൂലധനം ആവശ്യമാണ്.
നിലവിൽ പ്രവർത്തിക്കുന്ന എക്സ്ചേഞ്ച് കമ്പനികൾക്ക് പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്.കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും നിർബന്ധമാക്കും. ജനറൽ മാനേജർക്ക് കുറഞ്ഞത് പത്ത് വർഷവും ഡെപ്യൂട്ടി ജനറൽ മാനേജർക്ക് ഏഴ് വർഷവും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
കമ്പനിയിൽ അഞ്ച് ശതമാനമോ അതിൽ കൂടുതലോ ഓഹരി കൈവശമുള്ളവരുടെ സാമ്പത്തിക ശേഷിയും വിശ്വാസ്യതയും പരിശോധിക്കും. സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ ഇടപാടുകൾ നിയന്ത്രിക്കുന്നതിനും ആഭ്യന്തര ഓഡിറ്റ് സംവിധാനങ്ങളും നിയമപാലന വിഭാഗങ്ങളും ശക്തിപ്പെടുത്തണമെന്നും സെൻട്രൽ ബാങ്ക് നിർദേശിച്ചിട്ടുണ്ട്.



