കുവൈത്ത്: അമേരിക്കയിലെ ഫിലാഡൽഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർമ ഇന്റർനാഷണൽ (Overseas Resident Malayalees Association International Inc.), വേൾഡ് മലയാളി ഫെഡറേഷനുമായി (WMF) സഹകരിച്ച് സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര പ്രസംഗമത്സരത്തിലേക്ക് കുവൈത്ത് ഉൾപ്പെടെ ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു.
വിദ്യാർത്ഥികളുടെ പ്രസംഗപാടവം, ആശയവിനിമയശേഷി, ആത്മവിശ്വാസം, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തിൽ രജിസ്ട്രേഷനും വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശീലനവും പൂർണമായും സൗജന്യമാണ്. പ്രവാസി മലയാളികൾ സ്വന്തം നാടിനും സമൂഹത്തിനും നൽകുന്ന വിദ്യാഭ്യാസ സംഭാവനയെന്ന നിലയിലാണ് ഓർമ ഈ അന്താരാഷ്ട്ര പദ്ധതി നടപ്പാക്കുന്നത്.പത്ത് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളാണ് നാലാം സീസണിൽ വിജയികളെ കാത്തിരിക്കുന്നത്. സീനിയർ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രാസംഗികന് ഒരു ലക്ഷം രൂപയും ‘ORMA Orator of the Year 2027’ പുരസ്കാരവും ലഭിക്കും.
മത്സരം മൂന്ന് വിഭാഗങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. നാല് മുതൽ ആറ് വരെ ക്ലാസുകളിലുള്ളവർക്ക് സബ് ജൂനിയർ, ഏഴ് മുതൽ പത്ത് വരെ ക്ലാസുകളിലുള്ളവർക്ക് ജൂനിയർ, പതിനൊന്നാം ക്ലാസ് മുതൽ ബിരുദപഠനത്തിന്റെ അവസാന വർഷം വരെയുള്ളവർക്ക് സീനിയർ വിഭാഗങ്ങളിൽ പങ്കെടുക്കാം. പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും സീനിയർ വിഭാഗത്തിൽ അവസരമുണ്ട്. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും മത്സരിക്കാം.മൂന്ന് ഓൺലൈൻ മത്സരഘട്ടങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ പ്രസംഗരചന, അവതരണശൈലി, ശബ്ദനിയന്ത്രണം, ശരീരഭാഷ, ആത്മവിശ്വാസം, സ്റ്റേജ് പ്രസൻസ് തുടങ്ങിയ മേഖലകളിൽ സൗജന്യ പരിശീലനവും വ്യക്തിഗത മാർഗനിർദേശങ്ങളും ലഭിക്കും.
കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ‘തൂഫാൻ ‘ (TOOFAN) ക്യാമ്പയിന് പിന്തുണ നൽകുന്നതാണ് ആദ്യഘട്ട പ്രസംഗവിഷയം. ഇംഗ്ലീഷ് വിഭാഗത്തിൽ ‘Choose Dreams, Choose Life, Say No to Drugs’ എന്നതാണ് വിഷയം.ആദ്യഘട്ടത്തിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗവീഡിയോ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷിക്കാനും വീഡിയോ സമർപ്പിക്കാനുമുള്ള അവസാന തീയതി 2026 ഡിസംബർ 31 ആണ്.
ജൂനിയർ, സീനിയർ വിഭാഗങ്ങളുടെ ഗ്രാൻഡ് ഫിനാലെ 2027 ഓഗസ്റ്റ് 6, 7 തീയതികളിൽ കേരളത്തിലെ പാലായിൽ നടക്കും.കുവൈത്തിലെ മലയാളി സംഘടനകൾ, സ്കൂൾ അധികൃതർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഈ സൗജന്യ അവസരം പരമാവധി വിദ്യാർത്ഥികളിലേക്ക് എത്തിക്കണമെന്ന് ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം അഭ്യർത്ഥിച്ചു.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: www.ormaspeech.org WhatsApp Numbers:Kuwait: +965 506 00345India: +91 94477 02117USA: +1 (412) 656-4853



