കുവൈത്ത് സിറ്റി: ഡ്രോണുകൾ ഉപയോഗിച്ച് സെൻട്രൽ ജയിലിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ നാലുപേർക്ക് കുവൈത്ത് ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കുവൈത്ത് സ്വദേശികളും പൗരത്വമില്ലാത്ത ബിദൂൻ വിഭാഗക്കാരും ഉൾപ്പെട്ട പ്രതികൾക്ക് 10,000 ദിനാർ വീതം പിഴയും ചുമത്തി.
ഇതേ കേസിൽ ഒരു കുവൈത്ത് സ്വദേശിക്കും മൂന്ന് ബിദൂൻ വിഭാഗക്കാർക്കും രണ്ടുവർഷം വീതം തടവും 5,000 ദിനാർ വീതം പിഴയും കോടതി വിധിച്ചു.ഹാഷിഷ്, ഹെറോയിൻ, കൊക്കെയ്ൻ, ലഹരിക്കായി ഉപയോഗിക്കുന്ന മറ്റ് നിരോധിത വസ്തുക്കൾ എന്നിവയുടെ വിൽപ്പന, ഉപയോഗം, ജയിലിനുള്ളിലേക്ക് കടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
സെൻട്രൽ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥരും മയക്കുമരുന്ന് വിരുദ്ധ ജനറൽ ഡിപ്പാർട്ട്‌മെന്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കടത്ത് കണ്ടെത്തിയത്.ജഡ്ജി ഹമദ് അൽ വസ്സാന്റെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതി ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. കേസിൽ ആകെ എട്ടുപേർക്കാണ് തടവുശിക്ഷ വിധിച്ചത്.



