കുവൈത്ത് സിറ്റി: നവംബർ അവസാന പത്ത് ദിവസങ്ങളിലേക്ക് കടന്നിട്ടും കുവൈത്തിൽ സാധാരണയേക്കാൾ ഉയർന്ന താപനില തുടരുന്നതായി പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ. വർഷത്തിലെ ഈ സമയത്ത് അനുഭവപ്പെടേണ്ട തണുപ്പിന് പകരം പകൽ സമയങ്ങളിലും പ്രത്യേകിച്ച് രാവിലെയും പതിവിലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നവംബർ അവസാനത്തോടടുക്കുമ്പോൾ സാധാരണയായി കുവൈത്തിൽ തണുപ്പ് ശക്തമാകാറുണ്ടെങ്കിലും ഇത്തവണ കാലാവസ്ഥയിൽ പ്രകടമായ വ്യത്യാസമാണ് അനുഭവപ്പെടുന്നത്.
എൽ നിനോ (El Niño) എന്ന ആഗോള കാലാവസ്ഥാ പ്രതിഭാസത്തിന്റെ സ്വാധീനമാകാം ഈ മാറ്റത്തിന് കാരണമെന്ന് ഈസ റമദാൻ അഭിപ്രായപ്പെട്ടു. ഈ പ്രതിഭാസം ന്യൂനമർദങ്ങളുടെയും ഉയർന്ന മർദങ്ങളുടെയും സഞ്ചാരപാതകളിലും വിവിധ വായുപ്രവാഹങ്ങളുടെ ഗതിയിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നതായി അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ബറാനിയ്യ കാലഘട്ടത്തിന് ഏതാനും ദിവസങ്ങൾക്കുശേഷം താപനില ക്രമേണ കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.നിലവിലെ ഉയർന്ന താപനില സ്ഥിരമായി തുടരുമെന്നില്ലെന്നും വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകാമെന്നുമാണ് വിലയിരുത്തൽ.



