കുവൈത്ത് സിറ്റി: കുവൈത്തിൽ ഏഷ്യൻ വംശജയായ പ്രവാസി യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 8,000ത്തിലധികം കുവൈത്ത് ദിനാർ അനധികൃതമായി പിൻവലിക്കുകയും മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തെന്ന പരാതിയിൽ അഹമ്മദി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു.തന്റെ അതേ രാജ്യക്കാരനായ ഒരാൾ ബാങ്ക് കാർഡിന്റെ വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെടുത്തെന്നാണ് യുവതിയുടെ പരാതി.
സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, പ്രതിയെന്ന് സംശയിക്കുന്നയാൾ യുവതിയുടെ ബാങ്ക് കാർഡ് വിവരങ്ങൾ അനധികൃതമായി സ്വന്തമാക്കുകയും വിവിധ സമയങ്ങളിലായി നിരവധി തവണ പണം പിൻവലിക്കുകയും മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറുകയും ചെയ്തതായി പരാതിയിൽ പറയുന്നു.ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നതിനിടെയാണ് അക്കൗണ്ടിലെ തുകയിൽ വലിയ കുറവുണ്ടായതായി യുവതി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ നിരവധി സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം അഹമ്മദി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. യുവതിയുടെ ബാങ്കിങ് വിവരങ്ങൾ എങ്ങനെയാണ് മറ്റൊരാൾക്ക് ലഭിച്ചതെന്നും പണം ഏതെല്ലാം അക്കൗണ്ടുകളിലേക്കാണ് മാറ്റിയതെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ഇടപാടുകൾ പരിശോധിക്കുന്നതിനും പണത്തിന്റെ നീക്കം കണ്ടെത്തുന്നതിനുമായി ബന്ധപ്പെട്ട അധികൃതരുടെയും സഹായം തേടിയിട്ടുണ്ട്.പരാതിയിലെ ആരോപണങ്ങൾ സ്ഥിരീകരിക്കുകയും സംഭവത്തിന്റെ യഥാർഥ സാഹചര്യം വ്യക്തമാകുകയും ചെയ്തശേഷം ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.



