കുവൈറ്റ്: കുവൈറ്റിൽ സ്വകാര്യ വാഹനങ്ങൾ വഴിയുള്ള യാത്രാസൗകര്യം നിർത്തലാക്കിയതിനെ തുടർന്ന് പ്രവാസി സമൂഹം നേരിടുന്ന രൂക്ഷമായ യാത്രാക്ലേശത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇൻകാസ് കുവൈറ്റ് മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമർപ്പിച്ചു.
കുവൈറ്റ് മോട്ടോർ വാഹന വകുപ്പ് സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെ കൊണ്ടുപോകുന്നത് പൂർണ്ണമായും നിർത്തലാക്കിയതോടെ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ ദൈനംദിന ജീവിതം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട് നയതന്ത്ര തലത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. കുവൈറ്റിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലേക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് പോയിരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ അടിയന്തര ബദൽ സംവിധാനം ഒരുക്കുക.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും, പൊതുഗതാഗത സൗകര്യമില്ലാത്ത ഉൾപ്രദേശങ്ങളിൽ നിന്ന് ജോലിസ്ഥലങ്ങളിലേക്ക് പോകുന്ന സാധാരണ തൊഴിലാളികൾക്കും സുരക്ഷിതമായി ജോലിക്കെത്താൻ നടപടി സ്വീകരിക്കുക. ഇന്ത്യൻ എംബസി മുഖേന കുവൈറ്റ് സർക്കാരുമായി ചർച്ച നടത്തി അധിക പൊതുഗതാഗത സർവീസുകളോ അംഗീകൃത ട്രാൻസ്പോർട്ടേഷൻ സംവിധാനങ്ങളോ ഏർപ്പെടുത്തുക. കൂടാതെ, യാത്രാക്ലേശം മൂലം തൊഴിലാളികൾക്കോ വിദ്യാർത്ഥികൾക്കോ നിയമപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ എംബസിയുടെ ഭാഗത്തുനിന്നും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും നിയമസഹായവും ലഭ്യമാക്കുക.
ഇൻകാസ് കുവൈറ്റ് ചെയർമാൻ രാജീവ് നടുവിലമുറി, ജനറൽ സെക്രട്ടറി അനൂപ് സോമൻ, ഭാരവാഹികളായ അലക്സ് മാനന്തവാടി രതീഷ് കുമ്പളത്ത് അക്ഷയ് ആർ നടുവിലെമുറി എന്നിവരടങ്ങുന്ന 5 അംഗങ്ങൾ അടങ്ങുന്ന പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം കൈമാറിയത്. പ്രവാസികളുടെ ദൈനംദിന ജീവിതത്തെയും കുട്ടികളുടെ വിദ്യാഭ്യാസത്തെയും ബാധിക്കുന്ന ഈ ഗുരുതരമായ വിഷയത്തിൽ അടിയന്തരമായി ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.



