കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ ആവർത്തിച്ച് നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇന്ന് ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ഏറ്റവും പുതിയ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ഗുരുതരമായ ഭീഷണിയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ 2817-ാം നമ്പർ പ്രമേയത്തിന്റെയും ഗുരുതരമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ സംഘർഷ വർധനവാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സംഘർഷം ലഘൂകരിക്കുന്നതിനും മേഖലയിൽ സമാധാനം നിലനിർത്തുന്നതിനുമായി നടക്കുന്ന നയതന്ത്ര ശ്രമങ്ങളെ ഇത്തരം നടപടികൾ ദുർബലപ്പെടുത്തുന്നതായും കുവൈത്ത് വ്യക്തമാക്കി.രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും ഭൂപ്രദേശങ്ങളും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും പ്രതിരോധിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം കുവൈത്തിനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരവും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായും സ്വയം പ്രതിരോധിക്കാനുള്ള അവകാശം വിനിയോഗിക്കുമെന്നും ഏത് തരത്തിലുള്ള ആക്രമണങ്ങളിൽനിന്നും ഭീഷണികളിൽനിന്നും രാജ്യത്തെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിൽ രാജ്യം ഉറച്ച നിലപാട് തുടരുമെന്ന സന്ദേശമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന നൽകുന്നത്.



