കുവൈത്ത്സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന സ്വദേശികളിൽ 83 ശതമാനവും സർക്കാർ മേഖലയിലാണെന്നും 17 ശതമാനം പേർ മാത്രമാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതെന്നും ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തുവിട്ട 2026 ജൂൺ അവസാനത്തെ തൊഴിൽ വിപണി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കുവൈത്തിലെ ആകെ തൊഴിലാളികളുടെ എണ്ണം 30,44,773 ആയി ഉയർന്നു. 2025 ജൂണിൽ ഇത് 29,86,525 ആയിരുന്നു. ഒരു വർഷത്തിനിടെ 58,248 തൊഴിലാളികളുടെ വർധനയാണ് രേഖപ്പെടുത്തിയത്. തൊഴിൽ വിപണിയിൽ രണ്ട് ശതമാനം വാർഷിക വളർച്ചയുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.രാജ്യത്തെ ആകെ തൊഴിലാളികളിൽ 58.5 ശതമാനം പേർ സ്വകാര്യ മേഖലയിലും 25.7 ശതമാനം പേർ ഗാർഹിക തൊഴിൽ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. സർക്കാർ മേഖലയിലുള്ളവർ 15.8 ശതമാനമാണ്.
അതേസമയം, കുവൈത്തി തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടായി. 2025 ജൂണിൽ 4,48,919 ആയിരുന്ന സ്വദേശി തൊഴിലാളികളുടെ എണ്ണം 2026 ജൂണിൽ 4,31,385 ആയി കുറഞ്ഞു. ഒരു വർഷത്തിനിടെ 17,534 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.ഇതേ കാലയളവിൽ വിദേശ തൊഴിലാളികളുടെ എണ്ണം 17.80 ലക്ഷത്തിൽനിന്ന് 18.31 ലക്ഷമായി ഉയർന്നു. ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയുള്ള കണക്കിൽ രാജ്യത്തെ തൊഴിൽ വിപണിയുടെ 80.9 ശതമാനവും വിദേശികളാണ്. സ്വദേശികളുടെ പങ്കാളിത്തം 19.1 ശതമാനമാണ്.
കുവൈത്തിലെ വിദേശ തൊഴിലാളികളിൽ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത്. ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ 8,78,688 ഇന്ത്യക്കാരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. 4,65,975 പേരുമായി ഈജിപ്തുകാർ രണ്ടാം സ്ഥാനത്തും 3,01,726 പേരുമായി ബംഗ്ലാദേശുകാർ നാലാം സ്ഥാനത്തുമാണ്. കുവൈത്തി പൗരന്മാരാണ് മൂന്നാം സ്ഥാനത്ത്.രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ എണ്ണം 7,81,849 ആണ്. ഇവരിൽ 4,49,243 പേർ സ്ത്രീകളും 3,32,606 പേർ പുരുഷന്മാരുമാണ്.
ശമ്പളത്തിന്റെ കാര്യത്തിലും സ്വദേശികളും വിദേശികളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സർക്കാർ, സ്വകാര്യ മേഖലകളിലായി കുവൈത്തി പൗരന്മാരുടെ ശരാശരി പ്രതിമാസ ശമ്പളം 1,603 ദിനാറാണ്. വിദേശ തൊഴിലാളികളുടെ ശരാശരി ശമ്പളം 356 ദിനാറാണ്.സർക്കാർ മേഖലയിൽ സ്വദേശികളുടെ ശരാശരി പ്രതിമാസ ശമ്പളം 1,637 ദിനാറും വിദേശികളുടേത് 744 ദിനാറുമാണ്. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് ശരാശരി 1,433 ദിനാറും വിദേശികൾക്ക് 328 ദിനാറുമാണ് ലഭിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിൽ ബിരുദവും അതിന് മുകളിലുള്ള യോഗ്യതയുമുള്ള കുവൈത്തി തൊഴിലാളികളുടെ ശതമാനം 55ൽനിന്ന് 56.4 ആയി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.രാജ്യത്തെ തൊഴിൽ വിപണിയിൽ വിദേശികളുടെ സാന്നിധ്യം വർധിക്കുമ്പോഴും സ്വദേശികളിൽ ഭൂരിഭാഗവും സർക്കാർ ജോലികൾക്കാണ് മുൻഗണന നൽകുന്നതെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.



