കുവൈത്ത്സിറ്റി, നവംബർ 16: ട്രാഫിക് സിഗ്നലുകളിലും റോഡ് ജംഗ്ഷനുകളിലും അനുവദിച്ചിട്ടുള്ള ലെയിനുകളിൽ നിന്നുമാത്രം വാഹനങ്ങൾ തിരിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം മുന്നറിയിപ്പ് നൽകി. നിശ്ചിത ലെയിൻ പാലിക്കാതെ വാഹനങ്ങൾ തിരിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇത് റോഡ് സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും അധികൃതർ വ്യക്തമാക്കി.
ട്രാഫിക് സിഗ്നലുകൾക്ക് സമീപമെത്തുമ്പോൾ റോഡിൽ രേഖപ്പെടുത്തിയിട്ടുള്ള ദിശാസൂചക അമ്പടയാളങ്ങളും ലെയിൻ അടയാളങ്ങളും കൃത്യമായി പാലിക്കണം. ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ അനുവദിച്ചിട്ടില്ലാത്ത ലെയിനുകളിൽ നിന്ന് വാഹനങ്ങൾ തിരിക്കുന്നത് മറ്റ് ഡ്രൈവർമാർക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ഇത്തരം നിയമലംഘനങ്ങൾ ഗതാഗത തടസ്സങ്ങൾക്കും വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തെ ബാധിക്കുന്ന സാഹചര്യങ്ങൾക്കും ഇടയാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി എല്ലാ വാഹനയാത്രക്കാരും നിശ്ചിത ലെയിനുകൾ പാലിക്കണമെന്നും റോഡിലെ ദിശാസൂചനകൾ അനുസരിച്ച് മാത്രം വാഹനങ്ങൾ ഓടിക്കണമെന്നും ട്രാഫിക് വിഭാഗം അഭ്യർത്ഥിച്ചു



