കുവൈത്ത് സിറ്റി, നവംബർ 16: വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീമിങ് നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി.
വാഹനമോടിക്കുമ്പോൾ വീഡിയോ ചിത്രീകരിക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗത്തിലെ നിയമലംഘനങ്ങളുടെയും ലൈസൻസിങ്ങിന്റെയും അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് അൽ അദ്‌വാനി വ്യക്തമാക്കി.ഇത്തരം പ്രവൃത്തികൾ ഡ്രൈവർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് ഭീഷണിയാണെന്നും നിയമലംഘനങ്ങൾ ഒരുതരത്തിലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാഹനമോടിക്കുന്നതിനിടെ വീഡിയോ ചിത്രീകരിക്കുന്നവരെ നിരീക്ഷിച്ച് തിരിച്ചറിയുകയും നിയമനടപടികൾക്കായി വിളിച്ചുവരുത്തുകയും ചെയ്യും. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി റോഡുകളിലെ നിരീക്ഷണ ക്യാമറകളുടെ എണ്ണം വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കി പൂർണ ശ്രദ്ധ റോഡിൽ കേന്ദ്രീകരിക്കണമെന്ന് ട്രാഫിക് വിഭാഗം ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.



