കുവൈറ്റ് സിറ്റി: വൈദ്യുതി, ജല വിതരണ ശൃംഖലകളുടെ കാര്യക്ഷമത നിലനിർത്തുന്നതിനും അവയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുമുള്ള അറ്റകുറ്റപ്പണികൾ കുവൈറ്റ് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഞായറാഴ്ച അഞ്ച് റസിഡൻഷ്യൽ പ്രദേശങ്ങളിലെ വിവിധ സബ്സ്റ്റേഷനുകളിൽ ആനുകാലിക അറ്റകുറ്റപ്പണികൾ നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പ്രവൃത്തികളുടെ ഭാഗമായി ഈ പ്രദേശങ്ങളിൽ താൽക്കാലികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.
രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ നാല് മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. എങ്കിലും സാങ്കേതിക ജോലികളുടെ സ്വഭാവത്തിനനുസരിച്ചും സാഹചര്യങ്ങൾക്കനുസരിച്ചും വൈദ്യുതീകരണ തടസ്സത്തിന്റെ സമയത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
അബ്ദുല്ല അൽ-മുബാറക് അൽ-സബാഹ് (ബ്ലോക്ക് 6), നോർത്ത് വെസ്റ്റ് സുലൈബിഖാത് (ബ്ലോക്ക് 3), ഫർവാനിയ (ബ്ലോക്ക് 1, ബ്ലോക്ക് 4), അബ്ദുല്ല അൽ-സലേം സബർബ് (ബ്ലോക്ക് 3), അൽ-വഫ്ര റെസിഡൻഷ്യൽ (ബ്ലോക്ക് 5) എന്നീ പ്രദേശങ്ങളിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. പവർ പ്ലാന്റുകളുടെ വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകളിലെ അറ്റകുറ്റപ്പണികൾ മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് കൃത്യമായി പുരോഗമിക്കുകയാണെന്ന് മന്ത്രാലയത്തിലെ വൃത്തങ്ങൾ വ്യക്തമാക്കി.



