കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ വെൽവിഷേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ഫഹാഹീൽ കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടി അസോസിയേഷൻ രക്ഷാധികാരി റഊഫ് മഷ്ഹൂർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മുസ്തഫ മൈത്രി അധ്യക്ഷത വഹിച്ചു.കൊയിലാണ്ടി ഫെസ്റ്റ് 2025ന്റെ വൻ വിജയത്തിന്റെ ഭാഗമായി നടപ്പാക്കിയ ‘ഉയരെ 2026’ വിദ്യാഭ്യാസ സഹായ പദ്ധതിയിലൂടെ ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയെങ്കിലും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 37 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുന്നതിനും പദ്ധതിക്ക് പിന്തുണ നൽകിയ സ്പോൺസർമാരോടുള്ള നന്ദി അറിയിക്കുന്നതിനുമായാണ് സംഗമം സംഘടിപ്പിച്ചത്.
പരിപാടിയിൽ സ്പോൺസർമാരായ അഹ്മദ് അൽ മഗ്രിബി കൺട്രി ഹെഡ് മൻസൂർ ചൂരി, സ്കൈലൈൻ ഹെഡ് ശരത് നായർ, എ.ടി.എസ് ഓപ്പറേഷൻ ഹെഡ് സിജോ ജോൺ, എം.എ ഹൈദർ ഗ്രൂപ്പ് മാനേജർ റഷീദ് ഖാൻ എന്നിവർ സംസാരിച്ചു. പവർകോർപ്പ്, ഹൈദ്ര തുടങ്ങിയവരുടെ പ്രതിനിധികളും സന്നിഹിതരായി.അസോസിയേഷൻ രക്ഷാധികാരികളായ ബഷീർ ബാത്ത, സാജിദ നസീർ, ഭാരവാഹികളായ റയീസ് സാലിഹ്, അനു സുൽഫി, സയ്യിദ് ഹാഷിം, ഷാഹുൽ ബേപ്പൂർ, സുൽഫിക്കർ എന്നിവരും ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി മുഹമ്മദ് സാഹിർ സ്വാഗതവും ട്രഷറർ അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു.



