കുവൈത്ത് സിറ്റി: കൊക്കെയ്ൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ വ്യാപാരത്തിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും കുറ്റക്കാരെന്ന് കണ്ടെത്തിയ കുവൈത്തി പൗരനും ഈജിപ്ഷ്യൻ വനിതയ്ക്കും അവരുടെ ഈജിപ്ഷ്യൻ പൗരനായ മകനും കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 73,830 കുവൈത്ത് ദിനാറിന്റെ അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് വിധി.ജസ്റ്റിസ് അഹമ്മദ് അൽ സാദിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജഡ്ജിമാരായ യൂസഫ് അൽ സലാഹി, ഇംറാൻ സാദിഖ് എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.മയക്കുമരുന്ന് വ്യാപാരത്തിലൂടെ സമ്പാദിച്ച പണം നിയമാനുസൃത വരുമാനമാണെന്ന് വരുത്തിത്തീർക്കുന്നതിനായി പ്രതികൾ കുവൈത്തിലെയും ഈജിപ്തിലെയും സാമ്പത്തിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ വഴി ആവർത്തിച്ച് പണം കൈമാറുകയും യഥാർത്ഥ ഉറവിടം മറച്ചുവയ്ക്കുകയും ചെയ്തതായാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ.
കൊക്കെയ്ൻ, പ്രിഗബാലിൻ തുടങ്ങിയ ലഹരിവസ്തുക്കളുടെ വിൽപ്പനയിലും വിതരണത്തിലും പ്രതികൾ പങ്കാളികളായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ചത്. സഹ്റ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പാർക്കിങ് സ്ഥലത്ത് മൂന്ന് ഗ്രാം കൊക്കെയ്ൻ 360 ദിനാറിന് വിൽക്കുന്നതിനിടെ കുവൈത്തി പ്രതിയെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ മയക്കുമരുന്നുകളും ലഹരിഗുളികകളും പണവും തൂക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെത്തി.
ഈജിപ്തിലുള്ള പ്രതികളിൽ ഒരാൾ സ്നാപ്ചാറ്റ് വഴി മയക്കുമരുന്ന് വിൽപ്പനയ്ക്ക് നിർദേശങ്ങൾ നൽകിയിരുന്നതായും ഈജിപ്ഷ്യൻ വനിത മയക്കുമരുന്ന് കൈമാറ്റത്തിലും വിൽപ്പനയിലൂടെ ലഭിച്ച പണം ഈജിപ്തിലേക്ക് അയയ്ക്കുന്നതിലും പങ്കുവഹിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.കേസിൽ ഉൾപ്പെട്ട നാലാമത്തെ പ്രതിക്ക് കോടതി ശിക്ഷ വിധിക്കുന്നത് ഒഴിവാക്കി. എന്നാൽ 500 ദിനാർ ജാമ്യം നൽകാനും രണ്ടുവർഷത്തേക്ക് നല്ല പെരുമാറ്റം ഉറപ്പുനൽകാനും നിർദേശിച്ചു.മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിച്ച പണം വിവിധ സാമ്പത്തിക ഇടപാടുകളിലൂടെ വെളുപ്പിക്കാൻ ശ്രമിച്ചതാണ് കേസിലെ പ്രധാന കുറ്റങ്ങളിലൊന്ന്.അതേസമയം, ക്രിമിനൽ കോടതിയുടെ വധശിക്ഷാ വിധിക്കെതിരെ നിയമാനുസൃതമായി അപ്പീൽ നൽകാൻ അവസരമുണ്ട്. അപ്പീൽ നടപടികൾ പൂർത്തിയായ ശേഷമായിരിക്കും വിധി അന്തിമമാകുക.



