HomeGULFഅനധികൃത ബസ് സർവീസുകൾ നിലച്ചു; ദുരിതത്തിലായി യാത്രക്കാരും വിദ്യാർത്ഥികളും

അനധികൃത ബസ് സർവീസുകൾ നിലച്ചു; ദുരിതത്തിലായി യാത്രക്കാരും വിദ്യാർത്ഥികളും

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ അനുമതിയില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്ന ബസുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി കർശനമാക്കിയതോടെ നിരവധി സ്വകാര്യ സ്കൂളുകളിലെ ബസ് സർവീസുകൾ നിലച്ചു. ഇതോടെ വിദ്യാർഥികളുടെ പഠനവും പരീക്ഷകളും തടസ്സപ്പെടുകയും കുട്ടികളെ സ്കൂളിലെത്തിക്കാൻ കഴിയാതെ രക്ഷിതാക്കൾ പ്രതിസന്ധിയിലാവുകയും ചെയ്തു.

ലൈസൻസിൽ അനുവദിച്ചിട്ടുള്ള പ്രവർത്തനങ്ങൾക്ക് പുറത്തായി സ്കൂൾ വിദ്യാർഥികളെയും തൊഴിലാളികളെയും കൊണ്ടുപോകുന്ന ബസുകൾക്കെതിരെയാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. നിയമലംഘനം നടത്തുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്നും അനധികൃതമായി ബസുകൾ പ്രവർത്തിപ്പിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.മുന്നറിയിപ്പിന് പിന്നാലെ നിരവധി സ്വകാര്യ ബസ് കമ്പനികൾ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ബസ് സർവീസ് നടത്താൻ കഴിയില്ലെന്ന വിവരം ചില സ്കൂളുകൾക്ക് തലേദിവസം അർധരാത്രിയോടെയും ചില രക്ഷിതാക്കൾക്ക് ബുധനാഴ്ച പുലർച്ചെയുമാണ് ലഭിച്ചത്.

ഇതോടെ ബുധനാഴ്ച നിരവധി വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ കഴിഞ്ഞില്ല. ചില സ്കൂളുകൾ പരീക്ഷകൾ മാറ്റിവയ്ക്കുകയും പഠനയാത്രകളും മറ്റ് പരിപാടികളും റദ്ദാക്കുകയും ചെയ്തു. യാത്രാസൗകര്യം ലഭിക്കാത്ത വിദ്യാർഥികൾക്കായി ചില സ്കൂളുകൾ താൽക്കാലികമായി ഓൺലൈൻ ക്ലാസുകളും ആരംഭിച്ചു.ജിലീബ് അൽ ഷുയൂഖിലെ ഒരു സ്കൂളിൽ പഠിക്കുന്ന ആറുവയസ്സുകാരന്റെ മാതാവ്, ബസ് സർവീസ് പെട്ടെന്ന് നിർത്തിയതിനാൽ മകന് സ്കൂളിൽ പോകാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞു. ബസ് സർവീസ് പുനരാരംഭിക്കുന്നതുവരെ കുട്ടിയെ സ്കൂളിലെത്തിക്കാൻ ജോലിയിൽനിന്ന് അവധിയെടുക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.

സാൽമിയയിൽ താമസിക്കുന്ന മറ്റൊരു രക്ഷിതാവിന് ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ബസ് സർവീസ് നിർത്തിയ വിവരം ലഭിച്ചത്. ഹവല്ലിയിലെ സ്കൂളിൽ പരീക്ഷയുണ്ടായിരുന്ന മകളെ എത്തിക്കാൻ ടാക്സി ലഭിക്കാതെ ബുദ്ധിമുട്ടി. ഒടുവിൽ മൊബൈൽ ആപ്പ് വഴി വാഹനം ബുക്ക് ചെയ്യേണ്ടിവന്നു. ഒരു യാത്രയ്ക്ക് രണ്ടര ദിനാർ വീതം പോയിവരാൻ അഞ്ച് ദിനാറാണ് ചെലവായത്.സാൽമിയയിൽനിന്ന് സാൽവയിലെ സ്കൂളിലേക്ക് രണ്ട് കുട്ടികളെ അയക്കുന്ന മറ്റൊരു കുടുംബത്തിനും സമാനമായ അനുഭവമുണ്ടായി. ബസ് ലഭിക്കാത്തതിനാൽ പിതാവ് കുട്ടികളെ സ്കൂളിലെത്തിച്ചതോടെ ജോലിക്ക് വൈകി. മടക്കയാത്രയ്ക്ക് നാല് ദിനാർ നൽകി ടാക്സി ഏർപ്പെടുത്തേണ്ടിവന്നു. സ്കൂൾ ബസ് ഫീസായി വർഷത്തിൽ ഏകദേശം 600 ദിനാർ നൽകുന്ന കുടുംബത്തിന് അപ്രതീക്ഷിതമായി അധിക ചെലവും വഹിക്കേണ്ടിവന്നു.

സ്കൂളുകളുടെ സ്വന്തം ഉടമസ്ഥതയിലുള്ളതും സ്കൂളുകൾ നേരിട്ട് പ്രവർത്തിപ്പിക്കുന്നതുമായ ബസുകൾക്ക് സർവീസ് തുടരാമെങ്കിലും പുറത്തുനിന്നുള്ള സ്വകാര്യ കമ്പനികളുടെ ബസുകൾക്ക് ആവശ്യമായ ലൈസൻസ് ഉണ്ടായിരിക്കണമെന്ന് ഒരു സ്വകാര്യ സ്കൂൾ ജീവനക്കാരി വ്യക്തമാക്കി. ഇതോടെ നിരവധി സ്കൂളുകൾ സ്വകാര്യ ബസ് കമ്പനികളുമായുള്ള കരാറുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണ്.

സ്കൂൾ ബസുകൾക്ക് പുറമെ ആശുപത്രികളിലേക്ക് പോകുന്ന നഴ്സുമാരും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളും യാത്രാസൗകര്യം ലഭിക്കാതെ ബുദ്ധിമുട്ടിലായി. സ്വകാര്യ ബസുകളെയും വാനുകളെയും ആശ്രയിച്ചിരുന്ന നിരവധി ജീവനക്കാർക്ക് ജോലിസ്ഥലങ്ങളിൽ സമയത്ത് എത്താൻ കഴിഞ്ഞില്ല.

ഗതാഗത മേഖലയിൽ നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ടത് അനിവാര്യമാണെങ്കിലും കമ്പനികൾക്ക് ആവശ്യമായ അനുമതികൾ നേടാൻ സമയം അനുവദിക്കണമായിരുന്നുവെന്നാണ് സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം.അതേസമയം, ബസ് സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം കൂടുതൽ വ്യക്തത നൽകിയിട്ടില്ല. പുതിയ നിർദേശങ്ങൾ ലഭിക്കുന്നതുവരെ കുട്ടികളുടെ യാത്രാസൗകര്യം സ്വന്തമായി ക്രമീകരിക്കേണ്ട സാഹചര്യത്തിലാണ് നിരവധി രക്ഷിതാക്കൾ.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!