HomeGULFഅമിതഭാരവുമായി ഓടുന്ന ട്രക്കുകൾക്കെതിരെ കുവൈത്തിൽ നടപടി കടുപ്പിക്കുന്നു; റോഡുകൾ തകർത്താൽ ഉടൻ പിഴ, ഗുരുതര നിയമലംഘനങ്ങൾക്ക്...

അമിതഭാരവുമായി ഓടുന്ന ട്രക്കുകൾക്കെതിരെ കുവൈത്തിൽ നടപടി കടുപ്പിക്കുന്നു; റോഡുകൾ തകർത്താൽ ഉടൻ പിഴ, ഗുരുതര നിയമലംഘനങ്ങൾക്ക് നാടുകടത്തലും പരിഗണനയിൽ

spot_img

കുവൈത്ത് സിറ്റി: അമിതഭാരം കയറ്റിയ ട്രക്കുകൾ മൂലം റോഡുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ കുവൈത്തിൽ കർശന നടപടികൾ നടപ്പാക്കാനൊരുങ്ങുന്നു. അനുവദനീയമായതിലും കൂടുതൽ ഭാരം കയറ്റി റോഡുകൾക്ക് നാശനഷ്ടമുണ്ടാക്കുന്ന ട്രക്കുകളുടെ ഉടമകൾക്കും ഗതാഗത കമ്പനികൾക്കും ഉടൻ പിഴ ചുമത്തുന്നതടക്കമുള്ള നിർദേശങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ നാടുകടത്താനുള്ള സാധ്യതയും ചർച്ചയായി.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് നിർദേശങ്ങൾ ചർച്ച ചെയ്തത്. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷ്ആൻ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ചരക്കുഗതാഗത കമ്പനികളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.അമിതഭാരം കയറ്റിയ ട്രക്കുകൾ റോഡുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നതായി യോഗം വിലയിരുത്തി. റോഡുകൾക്ക് കേടുപാടുകൾ വരുത്തിയതായി കണ്ടെത്തുന്ന ട്രക്കുടമകൾക്കും കമ്പനികൾക്കും കോടതി നടപടികൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കാതെ പിഴ ചുമത്താനുള്ള സംവിധാനമാണ് പരിഗണിക്കുന്നത്. ഇതിലൂടെ കേടുപാടുകൾ സംഭവിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ ആരംഭിക്കാനാകുമെന്നാണ് വിലയിരുത്തൽ.

ട്രക്കുകളുടെ ഭാരം പരിശോധിക്കുന്ന കേന്ദ്രങ്ങളുടെ പ്രവർത്തനം ക്രമീകരിക്കുക, പരിശോധനാ കേന്ദ്രങ്ങളിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് ഉറപ്പാക്കുക, ട്രക്കുകൾക്ക് പ്രത്യേക യാത്രാമാർഗങ്ങൾ നിശ്ചയിക്കുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ ഉയർന്നു. ട്രക്കുകളുടെ എൻജിൻ ഘടിപ്പിച്ച മുൻഭാഗം മാറ്റുന്ന സാഹചര്യങ്ങളിലും ചരക്കിന്റെ ഭാരം കൃത്യമായി പരിശോധിക്കാനുള്ള സംവിധാനങ്ങൾ പരിഗണിക്കുന്നുണ്ട്.

അനുവദനീയമായ ഭാരപരിധി ലംഘിക്കുക, ട്രക്കുകൾക്കായി നിശ്ചയിച്ച പാതകൾ ഉപയോഗിക്കാതിരിക്കുക, ബ്രേക്കുകളുടെയും ടയറുകളുടെയും അറ്റകുറ്റപ്പണികൾ അവഗണിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് കൂടുതൽ കടുത്ത ശിക്ഷകൾ ഏർപ്പെടുത്തുന്നതും ചർച്ചയായി. ഗുരുതരമായ നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന ഡ്രൈവർമാരെ നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് നാടുകടത്താനുള്ള സാധ്യതയും പരിശോധിക്കും.

അതേസമയം, ജനവാസ മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് കുറയ്ക്കുന്നതിനായി നഗരത്തിന് പുറത്ത് പ്രത്യേക പാർക്കിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയും സർക്കാർ പരിഗണിക്കുന്നുണ്ട്. ഡ്രൈവർമാർക്ക് താമസസൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുന്ന പാർക്കിങ് കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്.

പ്രധാന സ്ഥലങ്ങളിലെ സർക്കാർ ഭൂമി സ്വകാര്യ മേഖലയ്ക്ക് അനുവദിച്ച് ബഹുനില ട്രക്ക് പാർക്കിങ് കേന്ദ്രങ്ങൾ നിർമിക്കുന്നതിനുള്ള സാധ്യതയും യോഗത്തിൽ ചർച്ച ചെയ്തു. അനുമതിയില്ലാത്ത ആവശ്യങ്ങൾക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ബസുകൾക്കെതിരായ പരിശോധന ശക്തമാക്കാനും നിർദേശമുണ്ട്.റോഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി നടപടികൾ ആരംഭിക്കണമെന്ന് ആഭ്യന്തര മന്ത്രി നിർദേശിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!