കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആവശ്യമായ ലൈസൻസില്ലാതെ ബസുകൾ വാടകയ്ക്ക് നൽകുന്നതും യാത്രക്കാരെ കൊണ്ടുപോകുന്നതും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ബസ് സർവീസുകൾ ഉപയോഗിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും അംഗീകൃത ലൈസൻസുള്ള കമ്പനികളുമായി മാത്രമേ ഇടപാടുകൾ നടത്താവൂ എന്ന് മന്ത്രാലയം നിർദേശിച്ചു.ബസ് കമ്പനികൾക്ക് അനുവദിച്ചിട്ടുള്ള ലൈസൻസിന്റെ പരിധിക്ക് പുറത്തുള്ള ഗതാഗത സേവനങ്ങൾ നടത്താൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
തൊഴിലാളികളെയും സ്കൂൾ വിദ്യാർഥികളെയും കൊണ്ടുപോകുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ബസുകൾ ഏർപ്പെടുത്തുമ്പോൾ ബന്ധപ്പെട്ട കമ്പനിക്കും വാഹനത്തിനും ആ സേവനം നടത്താനുള്ള അനുമതിയുണ്ടെന്ന് ഉറപ്പുവരുത്തണം.ഒരു പ്രത്യേക ആവശ്യത്തിനായി അനുവദിച്ച ലൈസൻസ് ഉപയോഗിച്ച് അനുമതിയില്ലാത്ത മറ്റ് ഗതാഗത സേവനങ്ങൾ നടത്തുന്നത് നിയമലംഘനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബസ് ഉടമകളുടെയും സേവനം ഉപയോഗിക്കുന്നവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.ബസുകൾ വാടകയ്ക്ക് എടുക്കുന്നതിന് മുമ്പ് കമ്പനിയുടെ ലൈസൻസും വാഹനത്തിന്റെ അനുമതിയും പരിശോധിക്കണമെന്ന് പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.



