HomeGULFകുവൈത്തിൽ അതീവ വിഷമുള്ള ഡാറ്റുറ ചെടി വ്യാപിക്കുന്നു; കഴിച്ചാൽ മതിഭ്രമവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും, മരണം വരെ...

കുവൈത്തിൽ അതീവ വിഷമുള്ള ഡാറ്റുറ ചെടി വ്യാപിക്കുന്നു; കഴിച്ചാൽ മതിഭ്രമവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും, മരണം വരെ സംഭവിക്കാം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ അതീവ വിഷാംശമുള്ള ഡാറ്റുറ (Datura) എന്ന ചെടിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ, പരിസ്ഥിതി അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മനോഹരമായ പൂക്കളുള്ള ഈ ചെടിയുടെ ഇലകൾ, പൂക്കൾ, കായ്കൾ, വിത്തുകൾ എന്നിവയെല്ലാം വിഷാംശമുള്ളവയാണ്. ഇവ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ചില സാഹചര്യങ്ങളിൽ മരണത്തിനും കാരണമാകുമെന്ന് അധികൃതർ അറിയിച്ചു.കുവൈത്തിലെ ചില ജനവാസ മേഖലകളിലും പൊതുസ്ഥലങ്ങളിലും ഡാറ്റുറ ചെടി കണ്ടെത്തിയിട്ടുണ്ട്. വിഷച്ചെടികൾ കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി നിരവധി പേർക്ക് ആശുപത്രിയിൽ ചികിത്സ നൽകേണ്ടിവന്നതായി അമീരി ആശുപത്രിയിലെ കുവൈത്ത് വിഷനിയന്ത്രണ കേന്ദ്രം മേധാവി ഡോ. അബ്ദുല്ലത്തീഫ് അൽ ഔമി അറിയിച്ചു.

വെള്ളയോ പർപ്പിൾ നിറത്തിലോ ഉള്ള വലിയ കുഴൽ ആകൃതിയിലുള്ള പൂക്കളാണ് ഡാറ്റുറ ചെടിയുടെ പ്രധാന പ്രത്യേകത. രാത്രിയിലാണ് സാധാരണയായി പൂക്കൾ വിരിയുന്നത്. രൂക്ഷഗന്ധമുള്ള വലിയ ഇലകളും മുള്ളുകളുള്ള പച്ചനിറത്തിലുള്ള കായ്കളും ഈ ചെടിക്കുണ്ട്. കായ്കൾക്കുള്ളിൽ ധാരാളം വിത്തുകളും കാണപ്പെടുന്നു.ചെടിയിൽ അടങ്ങിയിരിക്കുന്ന അട്രോപിൻ, ഹൈയോസ്യാമിൻ, സ്കോപോളാമിൻ തുടങ്ങിയ വിഷരാസവസ്തുക്കളാണ് ആരോഗ്യത്തിന് ഭീഷണിയാകുന്നത്. ഇവ ശരീരത്തിലെത്തിയാൽ വായ വരളുക, കണ്ണിലെ കൃഷ്ണമണി വികസിക്കുക, ഹൃദയമിടിപ്പ് വർധിക്കുക, ആശയക്കുഴപ്പം, മതിഭ്രമം, കടുത്ത മാനസിക അസ്വസ്ഥതകൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഗുരുതരമായ സാഹചര്യങ്ങളിൽ അപസ്മാരം, അബോധാവസ്ഥ, മരണം എന്നിവയ്ക്കും കാരണമാകാം.

വിദേശത്തുനിന്ന് കുവൈത്തിലെത്തിയ ഈ ചെടി പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് വളരാൻ കഴിവുള്ളതാണ്. മണ്ണിൽ ദീർഘകാലം നിലനിൽക്കുന്ന വിത്തുകൾ അനുയോജ്യമായ ഈർപ്പവും വെള്ളവും ലഭിക്കുമ്പോൾ വീണ്ടും മുളയ്ക്കുന്നതിനാൽ ചെടിയുടെ വ്യാപനം നിയന്ത്രിക്കുന്നത് വെല്ലുവിളിയാണ്.ഡാറ്റുറയുടെ വ്യാപനം തടയുന്നതിനായി കുവൈത്ത് പരിസ്ഥിതി അതോറിറ്റി, കാർഷിക അതോറിറ്റി, വിഷനിയന്ത്രണ കേന്ദ്രം എന്നിവ സംയുക്തമായി ദേശീയതലത്തിൽ പ്രത്യേക പദ്ധതി തയ്യാറാക്കാൻ ഒരുങ്ങുകയാണ്.

സ്കൂളുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ, കുട്ടികൾ കൂടുതലായി എത്തുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി ചെടികൾ കണ്ടെത്തി സുരക്ഷിതമായി നീക്കം ചെയ്യുന്നതിനാണ് മുൻഗണന നൽകുക.കുട്ടികളെ ഇത്തരം ചെടികളിൽ നിന്ന് അകറ്റിനിർത്തണമെന്നും തിരിച്ചറിയാത്ത കാട്ടുചെടികൾ ഉപയോഗിച്ച് പാനീയങ്ങളോ നാട്ടുമരുന്നുകളോ തയ്യാറാക്കരുതെന്നും അധികൃതർ നിർദേശിച്ചു. വിഷച്ചെടിയുടെ ഭാഗങ്ങൾ കഴിച്ചതായി സംശയിക്കുകയും അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്താൽ ഉടൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടണം.

ഛർദിപ്പിക്കാൻ ശ്രമിക്കുകയോ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുകയോ ചെയ്യരുത്.വിഷബാധയുമായി ബന്ധപ്പെട്ട അടിയന്തര മാർഗനിർദേശങ്ങൾക്കായി കുവൈത്ത് വിഷനിയന്ത്രണ കേന്ദ്രത്തിന്റെ 1804774 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം.ചെടിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ സ്വയം പറിച്ചുനീക്കാൻ ശ്രമിക്കാതെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!