HomeGULFകുവൈത്തിൽ സിവിൽ ഐഡി കാർഡുകൾ വീണ്ടും വീടുകളിലെത്തിക്കും; നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം സേവനം പുനരാരംഭിക്കാൻ നടപടി

കുവൈത്തിൽ സിവിൽ ഐഡി കാർഡുകൾ വീണ്ടും വീടുകളിലെത്തിക്കും; നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം സേവനം പുനരാരംഭിക്കാൻ നടപടി

spot_img

കുവൈത്ത് സിറ്റി: നാലുവർഷത്തോളമായി നിർത്തിവച്ചിരുന്ന സിവിൽ ഐഡി കാർഡുകളുടെ ഹോം ഡെലിവറി സേവനം പുനരാരംഭിക്കാൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) നടപടികൾ ആരംഭിച്ചു. ഇതോടെ സ്വദേശികൾക്കും പ്രവാസികൾക്കും തയ്യാറായ സിവിൽ ഐഡി കാർഡുകൾ അതോറിറ്റിയുടെ ഓഫീസുകളിൽ നേരിട്ടെത്താതെ വീടുകളിൽ സ്വീകരിക്കാൻ അവസരമൊരുങ്ങും.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും PACI ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദേശപ്രകാരമാണ് സേവനം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.സിവിൽ ഐഡി കാർഡുകൾ വീടുകളിൽ എത്തിച്ചുനൽകിയിരുന്ന സ്വകാര്യ കമ്പനിയുമായുള്ള കരാർ പുതുക്കാത്തതിനെ തുടർന്നാണ് ഏകദേശം നാലുവർഷം മുമ്പ് ഈ സേവനം നിർത്തിവച്ചത്.

സേവനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സിവിൽ ഐഡി കാർഡുകൾ വിതരണം ചെയ്യാൻ താൽപര്യമുള്ള കമ്പനികളിൽനിന്ന് PACI യോഗ്യതാ അപേക്ഷകൾ ക്ഷണിച്ചു. കുവൈത്തിൽ നിയമപരമായി രജിസ്റ്റർ ചെയ്തതും ആവശ്യമായ ലൈസൻസുകളും സാധുവായ വാണിജ്യ രജിസ്ട്രേഷനും ഉള്ളതുമായ കമ്പനികൾക്കാണ് അപേക്ഷിക്കാൻ അവസരം.സിവിൽ ഐഡി കാർഡുകളുടെ വിതരണം വേഗത്തിലാക്കുക, PACI ഓഫീസുകളിലെ തിരക്ക് കുറയ്ക്കുക, പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള കുവൈത്തിന്റെ പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം.

അതേസമയം, ഹോം ഡെലിവറി സേവനം ആരംഭിക്കുന്ന തീയതിയോ പുതിയ സേവനനിരക്കുകളോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കമ്പനികളെ തിരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയായശേഷമായിരിക്കും സേവനം പുനരാരംഭിക്കുക.സേവനം നിലവിൽ വരുന്നതോടെ സിവിൽ ഐഡി കാർഡുകൾ കൈപ്പറ്റാൻ സൗത്ത് സുറയിലെ PACI ആസ്ഥാനത്തോ മറ്റ് സേവനകേന്ദ്രങ്ങളിലോ നേരിട്ടെത്തേണ്ട സാഹചര്യം നിരവധി സ്വദേശികൾക്കും പ്രവാസികൾക്കും ഒഴിവാക്കാനാകും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!