കുവൈത്ത് സിറ്റി: കുവൈത്ത് ഉൾപ്പെടെയുള്ള ആറ് ഗൾഫ് രാജ്യങ്ങളെ റെയിൽവേ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽവേ പദ്ധതിയുടെ പൊതുകരാറിൽ ഒപ്പുവച്ചു. ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള ഗതാഗതബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.
കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യുഎഇ, ഒമാൻ എന്നീ ആറ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനും രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര, സാമ്പത്തിക സഹകരണം വർധിപ്പിക്കാനും റെയിൽവേ ശൃംഖല സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഗൾഫ് രാജ്യങ്ങൾക്കിടയിൽ റോഡ്, വ്യോമഗതാഗതങ്ങൾക്ക് പുറമെ പുതിയൊരു യാത്രാമാർഗം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചരക്കുനീക്കത്തിനുള്ള ചെലവും സമയവും കുറയ്ക്കുന്നതിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും പദ്ധതി ഗുണകരമാകും.
ബഹ്റൈനിലെ റിഫ പാലസിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്. ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും ഗൾഫ് രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.റെയിൽവേ പദ്ധതിയുടെ നടത്തിപ്പ്, ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്തങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, സാങ്കേതിക സംവിധാനങ്ങൾ, പ്രവർത്തന ഏകോപനം എന്നിവ സംബന്ധിച്ച പൊതുവ്യവസ്ഥകളാണ് കരാറിലുള്ളത്.
2030 ഡിസംബറോടെ റെയിൽവേ ശൃംഖല പൂർണമായി പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. യാത്രാ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വരെയും ചരക്ക് ട്രെയിനുകൾക്ക് 80 മുതൽ 120 കിലോമീറ്റർ വരെയും വേഗത കൈവരിക്കാനാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്രയും ചരക്കുനീക്കവും കൂടുതൽ എളുപ്പമാക്കുന്ന ഈ പദ്ധതി മേഖലയിലെ സാമ്പത്തിക വികസനത്തിന് വലിയ മുന്നേറ്റമാകുമെന്നാണ് വിലയിരുത്തൽ.



