കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ നിന്ന് മോഷണം പോയ ഫോർ വീൽ ഡ്രൈവ് വാഹനം ജാബ്രിയയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. സ്പെഷ്യൽ മിഷൻസ് യൂണിറ്റിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് വാഹനം കണ്ടെത്തിയത്.ജാബ്രിയയിലെ ഒഴിഞ്ഞ മൺപ്രദേശത്ത് മണൽ മൂടിയ നിലയിലായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്. വാഹനം നല്ല നിലയിലായിരുന്നിട്ടും ഏറെനാളായി ഉപയോഗിക്കാത്തതുപോലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത് സുരക്ഷാ ഉദ്യോഗസ്ഥരിൽ സംശയമുണർത്തി.
തുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് അഹമ്മദി ഗവർണറേറ്റിൽ നിന്ന് മോഷണം പോയതായി ഉടമ നേരത്തെ പരാതി നൽകിയ വാഹനമാണിതെന്ന് സ്ഥിരീകരിച്ചത്.വാഹനം എങ്ങനെയാണ് മോഷ്ടിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. എൻജിൻ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണോ വാഹനം മോഷ്ടിച്ചതെന്നും അതോ മറ്റേതെങ്കിലും മാർഗം ഉപയോഗിച്ചാണോ മോഷണം നടത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ച അധികൃതർ, പ്രതിയെ തിരിച്ചറിയുന്നതിനായി വാഹനത്തിനുള്ളിലെ വിരലടയാളങ്ങൾ ശേഖരിക്കാൻ ഫോറൻസിക് വിഭാഗത്തിന് കൈമാറി.ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വാഹനം യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. മോഷണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.



