കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ ഭക്ഷ്യസുരക്ഷാ അധികൃതർ നടത്തിയ പരിശോധനയിൽ 17 നിയമലംഘനങ്ങൾ കണ്ടെത്തുകയും 35 കിലോഗ്രാം കോഴിയിറച്ചി നശിപ്പിക്കുകയും ചെയ്തു.പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) വിവിധ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ശീതീകരിച്ച ഇറച്ചിയും കോഴിയിറച്ചിയും ഫ്രഷ് ഇറച്ചിയെന്ന പേരിൽ വിൽപ്പന നടത്തുക, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പൊതുശുചിത്വ വ്യവസ്ഥകളും പാലിക്കാതിരിക്കുക, സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് അതോറിറ്റി അറിയിച്ചു.
രാജ്യത്തെ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും ഭക്ഷ്യസുരക്ഷാ, ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.ഉപഭോക്താക്കൾക്ക് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പരിശോധനകളുടെ പ്രധാന ലക്ഷ്യമെന്നും അതോറിറ്റി അറിയിച്ചു.



