കുവൈത്ത്സിറ്റി: കുവൈറ്റിൽ വ്യത്യസ്ത സംഭവങ്ങളിലായി ഉണ്ടായ ഹിറ്റ് ആൻഡ് റൺ അപകടങ്ങളിൽ ഡെലിവറി ജീവനക്കാരൻ ദാരുണമായി കൊല്ലപ്പെടുകയും വയോധികയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് നിർത്താതെ ഓടിച്ചുപോയ വാഹന ഡ്രൈവർക്കും സ്‌കൂട്ടറിലുണ്ടായിരുന്ന പെൺകുട്ടികൾക്കുമായി പൊലീസ് അന്വേഷണം ഊർജിതമാക്കി.മിലിട്ടറി ഹോസ്പിറ്റൽ റൗണ്ടബൗട്ടിന് സമീപമാണ് ആദ്യത്തെ ദുരന്തമുണ്ടായത്.
ഡെലിവറി വാഹനം ഇടിച്ചു തെറ്റിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മോട്ടോർസൈക്കിൾ ഡെലിവറി തൊഴിലാളി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. 1992-ൽ ജനിച്ച ഡെലിവറി ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. അപകടത്തിന് ശേഷം നിർത്താതെ രക്ഷപ്പെട്ട വാഹനം കണ്ടെത്താനും ഡ്രൈവറെ പിടികൂടാനുമുള്ള അന്വേഷണം ഡിറ്റക്ടീവുകൾ ആരംഭിച്ചു. കൊല്ലപ്പെട്ടയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ, 214 ദിനാർ അടങ്ങിയ പേഴ്സ്, സിവിൽ ഐഡി കാർഡ് എന്നിവ പൊലീസ് സുരക്ഷിതമായി കസ്റ്റഡിയിലെടുത്തു.
രണ്ടാമത്തെ സംഭവത്തിൽ, യാം അൽ-ബഹാർ ഗ്രാമത്തിന് സമീപം സ്‌കൂട്ടർ ഇടിച്ചാണ് വയോധികയ്ക്ക് പരിക്കേറ്റത്. സ്‌കൂട്ടറിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾ ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ വയോധികയെ സഹായിക്കുകയോ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യാതെ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. 1959-ൽ ജനിച്ച ഇറാനിയൻ വയോധികയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഒടിവുകളോടെ അൽ-റാസി ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ പ്രവേശിപ്പിക്കപ്പെട്ട വയോധിക ചികിത്സയിൽ തുടരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ഒളിവിൽ പോയ പെൺകുട്ടികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. അപകടങ്ങൾക്കുശേഷം ഇരകളെ തിരിഞ്ഞുനോക്കാതെ രക്ഷപ്പെടുന്ന പ്രവണതയ്ക്കെതിരെ റോഡ് സുരക്ഷാ വിഭാഗം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



