കുവൈത്ത് സിറ്റി: കുവൈത്തിൽ ഫിലിപ്പീൻസ് സ്വദേശിനിയെ താമസസ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തെന്ന പരാതിയിൽ ഈജിപ്ഷ്യൻ പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.സൗത്ത് നുഗ്ര ക്ലിനിക്കിൽ ഗുരുതരമായ മാനസികാഘാതവും ശാരീരിക അസ്വസ്ഥതകളുമായി ഒരു സ്ത്രീ എത്തിയതിനെ തുടർന്ന് ക്ലിനിക്ക് അധികൃതർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു
.വിവരം ലഭിച്ചയുടൻ സുരക്ഷാ ഉദ്യോഗസ്ഥർ ക്ലിനിക്കിലെത്തി യുവതിയിൽ നിന്ന് മൊഴിയെടുത്തു. 1973-ൽ ജനിച്ച ഫിലിപ്പീൻസ് സ്വദേശിനിയാണ് പരാതിക്കാരി. തന്റെ താമസസ്ഥലത്ത് വെച്ച് ഈജിപ്ഷ്യൻ പ്രവാസി ബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്തതായി ഇവർ പൊലീസിനോട് വെളിപ്പെടുത്തി.തുടർന്ന് കൂടുതൽ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി യുവതിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.പരാതിയുടെ അടിസ്ഥാനത്തിൽ നുഗ്ര ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഉടൻ അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനൊടുവിൽ 1982-ൽ ജനിച്ച ഈജിപ്ഷ്യൻ പ്രവാസിയെ തിരിച്ചറിഞ്ഞ പൊലീസ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.തുടർ നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. പരാതിയിലെ ആരോപണങ്ങൾ സംബന്ധിച്ച് അന്തിമ നിയമപരമായ തീരുമാനം ഉണ്ടായിട്ടില്ല.



