ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ വിഎൽഎഫ് ഇന്ത്യ, തങ്ങളുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറായ വിഎൽഎഫ് സ്ട്രാഡ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. മോട്ടോഹാസ് ഗ്രൂപ്പിന് കീഴിലാണ് ഈ സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം ഇറ്റാലിയൻ ഡിസൈനിലുള്ള പുതിയ ഇലക്ട്രിക് സ്കൂട്ടറാണ് ഇത്. ആകർഷകമായ സ്പ്ലിറ്റ് എൽഇഡി ഹെഡ്ലാമ്പുകളും ഷാർപ്പ് ബോഡി വർക്കുമുള്ള സ്റ്റൈലിഷ് ലുക്കിലാണ് വിഎൽഎഫ് സ്ട്രാഡ വിപണിയിലെത്തിയിരിക്കുന്നത്.
1.20 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിലാണ് വിഎൽഎഫ് സ്ട്രാഡ ഇന്ത്യയിൽ പുറത്തിറക്കിയത്. സിറ്റി, മാക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് ഈ സ്കൂട്ടർ ലഭ്യമാകുക. സിറ്റി വേരിയന്റിന് 1.20 ലക്ഷം രൂപയും മാക്സ് വേരിയന്റിന് 1.55 ലക്ഷം രൂപയുമാണ് വില വരുന്നത്. യമഹ EC-06, സുസുക്കി ഇ-ആക്സസ് തുടങ്ങിയ സ്കൂട്ടറുകളുമായായിരിക്കും വിഎൽഎഫ് സ്ട്രാഡ വിപണിയിൽ മത്സരിക്കുക.
വിഎൽഎഫ് സ്ട്രാഡയിൽ BLDC ഹബ് മോട്ടോറാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇത് 4.8kW പീക്ക് പവറും 34Nm പീക്ക് ടോർക്കും നൽകും. മൂന്ന് റൈഡിങ് മോഡുകളും ഇതിലുണ്ട്. ഇത് വ്യത്യസ്ത വേഗത പരിധി നൽകുന്നു. മണിക്കൂറിൽ 45 കി.മീ വേഗതയുള്ള ‘ഇക്കോ മോഡ്’, ണിക്കൂറിൽ 65 കി.മീ വേഗതയുള്ള ‘സിറ്റി മോഡ്’, മണിക്കൂറിൽ 85 കി.മീ വേഗതയുള്ള ‘സ്പോർട്ട് മോഡ്’ എന്നിവയാണ് വിഎൽഎഫ് സ്ട്രാഡ വാഗ്ദാനം ചെയ്യുന്ന മൂന്ന് റൈഡിങ് മോഡുകൾ.
സിറ്റി വകഭേദത്തിൽ 2.16kWh ബാറ്ററി പായ്ക്കാണ് നൽകിയിരിക്കുന്നത്. ഇതിന് 130 കി.മീ വരെ IDC റേഞ്ച് ലഭിക്കും. അതേസമയം, ഉയർന്ന വേരിയന്റായ മാക്സ് വകഭേദത്തിൽ 4.32kWh ശേഷിയുള്ള വലിയ ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 250 കി.മീ വരെ IDC റേഞ്ച് ലഭിക്കുന്നു. മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.
നിശ്ചിത ചാർജിങ് സംവിധാനം ഉപയോഗിക്കുകയാണെങ്കിൽ രണ്ട് മണിക്കൂറിൽ താഴെ മാത്രം സമയമെടുത്തുകൊണ്ട് സ്കൂട്ടർ ചാർജ് ചെയ്യാൻ സാധിക്കും. അതേസമയം ഇതിനൊപ്പം ലഭിക്കുന്ന ചാർജർ ഉപയോഗിക്കുമ്പോൾ രണ്ട് ബാറ്ററികളും പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം ആറ് മണിക്കൂർ സമയമെടുക്കും.



