കുവൈത്ത് സിറ്റി, നവംബർ 20: കുവൈത്തിൽ തൊഴിലാളികൾക്കുള്ള താമസസൗകര്യങ്ങളുടെ ആവശ്യം വർധിച്ചതോടെ ഫ്ലാറ്റുകളുടെ വാടകയും നിക്ഷേപ കെട്ടിടങ്ങളുടെ വിലയും കുത്തനെ ഉയരുന്നു. പ്രത്യേകിച്ച് മഹ്ബൂല, മംഗഫ്, ഫിന്താസ്, ഫഹാഹീൽ തുടങ്ങിയ തെക്കൻ മേഖലകളിലാണ് വാടക വർധന കൂടുതൽ പ്രകടമാകുന്നത്. ചില പ്രദേശങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഫ്ലാറ്റ് വാടക 25 മുതൽ 30 ശതമാനം വരെ വർധിച്ചതായി റിയൽ എസ്റ്റേറ്റ് വിദഗ്ധർ വ്യക്തമാക്കി.ജലീബ് അൽ ഷുയൂഖിൽനിന്ന് തൊഴിലാളികളെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതും പുതിയ സർക്കാർ പദ്ധതികൾക്കായി വിദേശത്തുനിന്ന് കൂടുതൽ തൊഴിലാളികളെ എത്തിക്കുന്നതുമാണ് താമസസൗകര്യങ്ങളുടെ ആവശ്യം വർധിക്കാൻ പ്രധാന കാരണങ്ങൾ.
റിയൽ എസ്റ്റേറ്റ് യൂണിയൻ മേധാവി ഇബ്രാഹിം അൽ അവാദി പറയുന്നതനുസരിച്ച്, രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളിലും മേഖലയിലെ രാഷ്ട്രീയ സംഭവവികാസങ്ങളിലും മാറ്റങ്ങളുണ്ടായിട്ടും നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖലയിൽ ശക്തമായ വ്യാപാര പ്രവർത്തനമാണ് നടക്കുന്നത്.2026 ജനുവരി മുതൽ നവംബർ 9 വരെയുള്ള കാലയളവിൽ കുവൈത്തിലെ നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖലയിൽ 438 ഇടപാടുകളിലൂടെ ഏകദേശം 77.43 കോടി കുവൈത്ത് ദിനാറിന്റെ വ്യാപാരം നടന്നു.
പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും സർക്കാർ നിർമാണ പ്രവർത്തനങ്ങളും നടപ്പാക്കുന്ന കമ്പനികൾ തൊഴിലാളികൾക്കായി താമസസൗകര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതാണ് വിപണിയിൽ ആവശ്യക്കാർ വർധിക്കാൻ കാരണമെന്ന് അൽ അവാദി വിശദീകരിച്ചു. എന്നാൽ ആവശ്യത്തിന് ഫ്ലാറ്റുകളും താമസ കെട്ടിടങ്ങളും ലഭ്യമല്ലാത്തത് വാടകയും കെട്ടിടങ്ങളുടെ വിലയും ഉയരാൻ ഇടയാക്കുന്നു.ജലീബ് അൽ ഷുയൂഖിലെ സർക്കാർ നടപടികളെ തുടർന്ന് നിരവധി തൊഴിലാളികൾ മഹ്ബൂല, മംഗഫ്, ഫഹാഹീൽ, ഫിന്താസ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്. ഇതോടെ ഈ മേഖലകളിൽ ഫ്ലാറ്റുകൾക്ക് ആവശ്യക്കാർ ഗണ്യമായി വർധിച്ചു.
റിയൽ എസ്റ്റേറ്റ് വിദഗ്ധൻ സുലൈമാൻ അൽ ദുലൈജാൻ പറയുന്നതനുസരിച്ച്, മഹ്ബൂലയിലെയും മംഗഫിലെയും ചില ബ്ലോക്കുകളിൽ നേരത്തെ 250 ദിനാറായിരുന്ന ഫ്ലാറ്റ് വാടക ഇപ്പോൾ 300 മുതൽ 330 ദിനാർ വരെയായി ഉയർന്നിട്ടുണ്ട്.മഹ്ബൂലയിൽ കഴിഞ്ഞ ആറുമാസത്തിനിടെ നിക്ഷേപ കെട്ടിടങ്ങളുടെ വിലയിൽ ശ്രദ്ധേയമായ വർധനയുണ്ടായി. ഈ മേഖലയിലെ ചില റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽനിന്നുള്ള വാർഷിക വരുമാനം ഏകദേശം ഏഴ് ശതമാനത്തിലെത്തിയതായും വിദഗ്ധർ ചൂണ്ടിക്കാട്ടി.
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഏർപ്പെടുത്തിയ തൊഴിലാളികളുടെ താമസവുമായി ബന്ധപ്പെട്ട നിബന്ധനകളും കമ്പനികളുടെ ആവശ്യകത വർധിക്കാൻ കാരണമായിട്ടുണ്ട്. തലസ്ഥാനത്തിന് സമീപമുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങളുടെ വില ഉയർന്നതും നിക്ഷേപകരെ തെക്കൻ മേഖലകളിലേക്ക് ആകർഷിക്കുന്നു.
കുറഞ്ഞ മൂലധനത്തിൽ നിക്ഷേപം നടത്താൻ അവസരമുള്ളതും താരതമ്യേന മികച്ച വാടക വരുമാനം ലഭിക്കുന്നതും ഈ പ്രദേശങ്ങളിലെ റിയൽ എസ്റ്റേറ്റ് വിപണിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.തൊഴിലാളികളുടെ താമസസൗകര്യങ്ങൾക്കുള്ള ആവശ്യം ഉയർന്ന നിലയിൽ തുടരുകയും പുതിയ ഫ്ലാറ്റുകളുടെ ലഭ്യത പരിമിതമായി തുടരുകയും ചെയ്താൽ വാടക വിപണിയിൽ സമ്മർദം തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ.



